ജില്ലയിലെ 8 വിദ്യാലയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം എടത്തന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്ലാന്‍ ഫണ്ടില്‍ നിര്‍മ്മിക്കുന്ന മൂന്നു കോടിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും. ഡിസംബര്‍ 26 ന് രാവിലെ 10 ന് എടത്തന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശിലാസ്ഥാപനത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിലെ പരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് തിരുനെല്ലി പഞ്ചായത്തിലെ ജി.എല്‍.പി.എസ് പാല്‍വെളിച്ചം, ജി.എല്‍.പി. എസ് അരണപ്പാറ എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1 ന് കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലും മന്ത്രി പങ്കെടുക്കും. 2 ന് വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പുലിക്കാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടവും, വൈകീട്ട് 3 ന് കല്‍പറ്റ നിയോജക മണ്ഡലത്തിലെ കുറുമ്പാല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പുതിയ പ്ലാന്‍ ഫണ്ട് കെട്ടിടവും 4 ന് കമ്പ്ളക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്യും.

ഡിസംബര്‍ 27 ന് രാവിലെ 10 ന് കല്‍പ്പറ്റ പിണങ്ങോട് ഗവ.യു.പി സ്‌കൂളിലെ രണ്ടുകോടിയുടെ പ്ലാന്‍ ഫണ്ട് കെട്ടിടം, 11 ന് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ വടുവഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നടക്കും. 12.30 ന് ബീനാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നബാര്‍ഡ് സ്‌കീല്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച രണ്ടു കോടിയുടെ കെട്ടിടം, പ്ലാന്‍ ഫണ്ടില്‍ നിര്‍മിച്ച രണ്ടു കോടിയുടെ കെട്ടിടം, ഉച്ചക്ക് 2 ന് കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു കോടിയുടെ പ്ലാന്‍ ഫണ്ട് കെട്ടിടം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30 ന് കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ലൈബ്രറി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിലും വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കും.