കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ചൂര്‍ണ്ണിക്കര, ചേന്ദമംഗലം പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ വൃത്തിയാക്കി. സ്‌കൂളുകളുടെ  മുകള്‍ഭാഗം വരെ വെള്ളം കയറിയിരുന്നു. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റ്റി. ഇ ഗീവര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍,  കമ്പ്യൂട്ടര്‍, വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കസേരകള്‍,  ഫ്രിഡ്ജ്, യൂണിഫോം തുണികള്‍, കളിപ്പാട്ടങ്ങള്‍, തുടങ്ങി ബഡ്‌സ് സ്‌കൂളിലെ പല സാധനങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു.
കൂടാതെ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ച ചേന്ദമംഗലം ഗവ. ഫിഷറീസ് സ്‌കൂളും പരിസരവും, സമീപത്തെ ഹാളും ചേന്ദമംഗലം പഞ്ചായത്തിലെ വീടുകളും പരിസരവും, പൊതു വഴികളും,  പറവൂര്‍ ബസ് സ്റ്റാന്‍ഡിലുള്ള കുടുംബശ്രീ വിപണന കേന്ദ്രവും ഉദ്യോഗസ്ഥര്‍ വൃത്തിയാക്കി. മുട്ടോളം ചോറും ചെളിയും നിറഞ്ഞ പ്രദേശങ്ങളില്‍ ഏറെ പ്രയാസപ്പെട്ടാണ് ശുചീകരണം നടത്തിയത്.
കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ചൂര്‍ണിക്കര, ചേന്ദമംഗലം സിഡിഎസ് ചെയര്‍പേഴ്‌സണ്‍,  അക്കൗണ്ടന്റ്, സ്‌നേഹിത ടീമംഗങ്ങള്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പ്രളയബാധിതമായ നഗരസഭകളില്‍ കുടുംബശ്രീ ദേശീയ നാഗരിക ഉപജീവന മിഷന്‍ ഉദ്യോഗസ്ഥരുടെയും  പ്രധാന്‍ മന്ത്രി ആവാസ് യോജന ഉദ്യോഗസ്ഥരുടെയും  മാനേജര്‍മാരുടെയും കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെയും മള്‍ട്ടി ടാസ്‌ക് പേഴ്‌സണലുകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഏലൂര്‍ പാതാളത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററും സബ് സെന്ററും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന പാതാളം ഹൈസ്‌ക്കൂളും വൃത്തിയാക്കി. കൂടാതെ ഏലൂര്‍ എസ് സി കോളനിയിലുള്ള എസ്.സി. വിജ്ഞാന കേന്ദ്രവും സംഘം ഉപയോഗ യോഗ്യമാക്കി. ഇവിടെ പ്രൈമറി ഹെല്‍ത്ത് സെന്ററും സബ് സെന്ററും പൂര്‍ണ്ണമായും വെള്ളം കയറി നാശനഷ്ടം സംഭവിച്ചിരുന്നു.
നോര്‍ത്ത് പറവൂരില്‍ പ്രി- മെട്രിക് ഹോസ്റ്റലും പരിസരവും അംഗന്‍വാടികളും സംഘം വൃത്തിയാക്കി. വഴിയരികില്‍ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങളും സംഘം ശേഖരിച്ചു. ആലുവ പഴയ ദേശം റോഡ്, അംഗന്‍വാടികള്‍, ആലുവ ജോര്‍ജ് ഈഡന്‍ മെമ്മോറിയല്‍ ഗവ. ആയുര്‍വേദ ആശുപത്രിയും വൃത്തിയാക്കി. വെള്ളം കയറിയതിനെ തുടര്‍ന്ന് പതിനഞ്ചാം തീയതി മുതല്‍ ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിന് ശേഷം മുട്ടോളം ചെളി നിറഞ്ഞ് ആശുപത്രിയിലേക്ക് കയറുവാന്‍  സാധിക്കില്ലായിരുന്നു. ജെ സി ബി ഉപയോഗിച്ച് ചെളിയും ചേറും മാറ്റി. കളമശ്ശേരി എച്ച് എം റ്റി സ്‌കൂളും പരിസരവും കളമശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും വൃത്തിയാക്കി.