ജില്ലയിലെ സദ്ഭരണ വാരാചരണ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ സെക്രട്ടറിയും പത്തനംതിട്ട ജില്ലാ കളക്ടറുമായിരുന്ന പി. വേണുഗോപാല്‍ നിര്‍വഹിച്ചു. ജനങ്ങളാണ് യഥാര്‍ഥ അധികാരികളെന്ന് മനസിലാക്കി ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സേവനങ്ങളെക്കുറിച്ച് ബോധവാന്‍മാരായതിനാല്‍ അതനുസരിച്ച് ഉദ്യോഗസ്ഥരിലും മാറ്റം ഉണ്ടാകണം. നിയമം അറിഞ്ഞ് അതനുസരിച്ച് ഉദ്യോഗസ്ഥര്‍ ജോലി നിര്‍വഹിക്കണം. അപ്രതീക്ഷിത സംഭവങ്ങളെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ മിഷന്‍ മോഡിലേക്ക് മനസിനെ മാറ്റണമെന്നും സര്‍വീസ് അനുഭവം പങ്കുവച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ അനുഭവം പങ്കുവയ്ക്കലും, സംവാദവും നടന്നു.

സദ്ഭരണവുമായി ബന്ധപ്പെട്ടുള്ള ചരിത്രരേഖകള്‍, ഗ്രന്ഥങ്ങള്‍, അനുഭവങ്ങള്‍ എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പൊതു ജനങ്ങള്‍ക്ക് സേവനം നല്‍കാനാകണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.പൗരന്‍മാര്‍ക്ക് കാര്യക്ഷമവും സുതാര്യവുമായ ഭരണവും കൃത്യമായ സേവനവും ലഭ്യമാക്കുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യമെന്ന് വിഷയാവതരണം നടത്തിയ ജില്ലാ ലോ ഓഫീസര്‍ കെ.എസ്. ശ്രീകേഷ് പറഞ്ഞു. എഡിഎം ബി. രാധകൃഷ്ണന്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.