സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സസ്‌നേഹം തൃശൂര്‍ പദ്ധതിക്ക് ഉജ്വല തുടക്കം.

സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയാണ് സസ്നേഹം തൃശൂർ എന്ന് തൃശൂർ റീജ്യണൽ തിയറ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പദ്ധതി പ്രഖ്യാപനം നിർവഹിച്ച് പട്ടികജാതി പട്ടികവർഗ – ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവരെ കൈപിടിച്ച് ഉയർത്താനും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് തുല്യനീതി ഉറപ്പുവരുത്തി എല്ലാ വിഭാഗങ്ങളെയും വികസന നേട്ടങ്ങളുടെ ഭാഗമാക്കുകയാണ് സർക്കാർ. ഭിന്നശേഷിക്കാർ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാമൂഹിക ജീവിതം സാധ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സോൾ ഓഫ് തൃശൂർ സ്മരണികയുടെ പ്രകാശനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ഭിന്നശേഷി എംപ്ലോയ ബിലിറ്റി പ്രോഗ്രാമിൻ്റെ ഉദ്ഘാടവും സസ്നേഹം തൃശൂർ പദ്ധതിയുടെ ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂ ന്യനീതി വികസന വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ നൈപുണ്യ വികസന പദ്ധതി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ കാർഡ് വിതരണവും ചടങ്ങിൽ നടന്നു.

ദുര്‍ബല വിഭാഗങ്ങളിലെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിന് പ്രത്യേക പരിഗണന, ഊരുകളിലെ ആരോഗ്യ സംരക്ഷണം, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒരുക്കല്‍, ഇന്‍ക്ലൂസിവിറ്റി പ്രോട്ടോകോള്‍ നടപ്പിലാക്കല്‍, ‘കൈമൊഴി’- ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി, സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ജില്ല, കാഴ്ച പരിമിതര്‍ക്കുള്ള ട്രാഫിക് സിഗ്നല്‍ സംവിധാനം, ഇന്‍ക്ലൂസിവിറ്റി കഫേ, സെന്‍സറി പാര്‍ക്ക്, പ്രൊജക്ട് ഫ്ലോട്ട്- ജലരക്ഷ പരിപാടി തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ സസ്‌നേഹം തൃശൂരിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് പദ്ധതി വിശദീകരിച്ച് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി റീജിയണൽ തിയറ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ എസ്പി ഐശ്വര്യ ഡോങ്ഗ്രെ, സബ് കലക്ടർ മുഹമ്മദ് ഷഫീക്ക്, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, നിപ്മർ എക്സ്ക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് സി ചന്ദ്രബാബു,

തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ കെ പോൾ തോമസ്, സിഐഐ തൃശൂർ സോണൽ കൗൺസിൽ ചെയർമാൻ പോൾ തച്ചിൽ, കെഎസ്എസ്ഐഎ ജില്ലാ സെക്രട്ടറി നോബി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി എച്ച് അസ്ഗർ ഷാ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര,ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, മഹാത്മാഗാന്ധി നാഷണൽ ഫെല്ലോ സോനൽ കുരുവിള തുടങ്ങിയവർ പങ്കെടുത്തു.