ഒല്ലൂർ നിയോജകമണ്ഡലത്തിൽ രണ്ടാമത്തെ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുറന്ന് ഒല്ലൂർ കൃഷി സമ്യദ്ധി. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേര ഫെഡുമായി സഹകരിച്ച് ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ നളികേര സംഭരണ കേന്ദ്രം റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു.

സമഗ്ര കാർഷിക വികസനത്തിനായി വിത്ത് മുതൽ വിപണി വരെ ഒരുക്കിനൽകുന്ന ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രണ്ടാമത്തെ പച്ചത്തേങ്ങ സംഭരണമാണ് മാടക്കത്തറയിൽ തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പച്ചത്തേങ്ങ സംഭരിക്കുന്ന ആദ്യത്തെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് ഒല്ലൂർ കൃഷി സമൃദ്ധി. പുത്തൂർ ഗ്രാമപഞ്ചായത്തിലെ വെട്ടുകാട് സംഭരണ കേന്ദ്രമാണ് കൃഷി സമ്യദ്ധിയുടെ ആദ്യ സംഭരണ കേന്ദ്രം. കിലോയ്ക്ക് 32 രൂപ നൽകിയാണ് കർഷകരിൽ നിന്ന് പച്ചത്തേങ്ങ ശേഖരിക്കുന്നത്. കേരകർഷകരുടെ കൃഷിഭൂമിയുള്ള കൃഷിഭവനുകളിൽ നാളികേരം സംഭരിക്കുന്നതിനായി അപേക്ഷ സമർപ്പിക്കണം.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലൂർ കൃഷി സമൃദ്ധി ചെയർമാൻ കനിഷ്കൻ കെ വിൽസൺ, ഒല്ലൂർ കൃഷി സമൃദ്ധി കൺവീനർ പി സത്യവർമ, കൃഷി വകുപ്പ് ഓഫീസർ അർച്ചന വിശ്വനാഥ, വാർഡ് മെമ്പർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.