സംഘാടക സമിതി യോഗം ചേര്‍ന്നു

സംസ്ഥാന കായിക യുവജന കാര്യാലയം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘ഫിഫ വോള്‍ഡ് കപ്പ് 2022’ നോടനുബന്ധിച്ച് 12 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി കിക്കെടുത്ത് ഗിന്നസ് റെക്കോഡ് നേടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഷൂട്ടൗട്ട് പരിപാടിയുടെ സംഘാടക സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കായിക മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷനായി. 2023 ജനുവരി 10ന് മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് ഷൂട്ടൗട്ട് നടക്കുന്നത്. പരിപാടിയില്‍ ഗിന്നസ് പ്രതിനിധികള്‍ പങ്കെടുക്കും. ജര്‍മനി ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ പരാജയപ്പെട്ടിടത്താണ് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ മലപ്പുറം ജില്ല ഗിന്നസ് നേട്ടം കൈവരിക്കാന്‍ ഒരുങ്ങുന്നത്. പരിപാടി വിജയിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ഫുട്ബോള്‍ താരങ്ങളുടെയും ക്ലബുകളുടെയും സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.

കായിക യുവജന കാര്യാലയം ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി നടക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെയും അയല്‍ ജില്ലകളിലെയും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, ക്ലബ് ഭാരവാഹികള്‍, ഫുട്ബോള്‍ അക്കാദമികള്‍, എന്‍.വൈ.കെ എന്നിവയുമായി സഹകരിച്ചാണ് ഷൂട്ടൗട്ട് നടത്തുന്നത്. ഹൈസ്‌കൂള്‍ മുതല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഒരു സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് 50 കുട്ടികളെയാണ് പങ്കെടുപ്പിക്കേണ്ടത്. ഓരോ സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും പങ്കെടുക്കുന്നവരുടെ എണ്ണം ഡിസംബര്‍ 30നകം ഡി.ഡി.സി.യില്‍ അറിയിക്കണം. ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ദേശീയ ഫുട്ബോള്‍ താരം യു. ഷറഫലിയെ തെരഞ്ഞെടുത്തു. പരിപാടി നിയന്ത്രിക്കുന്നതിനായി എന്‍.വൈ.കെ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന വളന്റിയര്‍മാര്‍ക്ക് ജനുവരി ഒന്നിന് പ്രത്യേക പരിശീലനം നല്‍കും. ജനുവരി അഞ്ചിന് മോക് ട്രയല്‍ നടത്തും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ കുമാര്‍, ഡി.ഡി.സി രാജീവ് കുമാര്‍ ചൗധരി, എസ്.കെ.എഫ് പ്രസിഡന്റ് ആഷിഖ് കൈനിക്കര, എം.എസ്.പി കമാണ്ടന്റ് ഹബീബ് റഹ്‌മാന്‍, നാര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി ബിനു കുമാര്‍, വിവിധ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാ മേലധികാരികള്‍ എന്നിവര്‍ പങ്കെടുത്തു.

ഷൂട്ടൗട്ടില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും അവസരം

ഫിഫ വോള്‍ഡ് കപ്പ് 2022 നോടനുബന്ധിച്ച് കായിക യുവജന കാര്യാലയം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ സംഘടിപ്പിക്കുന്ന ഗിന്നസ് വേള്‍ഡ് പെനാല്‍റ്റി കിക്ക് ഷൂട്ടൗട്ടില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, ക്ലബുകള്‍, ഫുട്ബോള്‍ അക്കാദമികള്‍, ഫുട്ബോള്‍ താരങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാന്‍ അവസരം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0483 2734701