പത്തനംതിട്ട: പ്രളയബാധിത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈദ്യ സഹായം എത്തിക്കാന്‍ കഴിയുന്ന ആധുനിക മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കലക്ടര്‍ പി ബി നൂഹ് കളക്ടറേറ്റില്‍ നിര്‍വഹിച്ചു. ജില്ലയില്‍ അടുത്ത രണ്ട് ആഴച്ചത്തേക്കാണ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ഡോക്ടര്‍, നേഴ്സ്, ലാബ് ടെക്നീഷ്യന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ആധുനിക സംവിധാനങ്ങളുള്ള സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്കില്‍ ഉണ്ടാകുക. ഡെങ്കി പനി, ചിക്കന്‍ഗുനിയ, എലിപ്പനി തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഈ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മൊബൈലില്‍ അടക്കം പരിശോധന ഫലങ്ങള്‍ ലഭ്യമാക്കുന്നതിനും അതോടൊപ്പം വിദഗ്ധ ചികിത്സ വേണ്ടവരുടെ വിവരങ്ങള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൈമാറാനും സാധിക്കുന്നതാണ്. ആരോഗ്യവകുപ്പിന്റെ സ്ഥിരസാന്നിധ്യം ലഭ്യമല്ലാത്ത വന മേഖല, അന്യസംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന മേഖല എന്നിവിടങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകളുടെ സേവനം ലഭ്യമാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എ. എല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ , ഡെപ്യുട്ടി ഡി.എം.ഓ ഡോ. സി എസ് നന്ദിനി എന്നിവര്‍ സന്നിഹിതരായി.
