പത്തനംതിട്ട: പ്രളയത്തിന് ശേഷം സ്‌കൂളുകളിലേയ്ക്ക് വെറുംകൈയ്യോടെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി പന്തളം പൊലീസ്. ചേരിക്കല്‍ എല്‍.പി. സ്‌കൂള്‍, തോട്ടക്കോണം ഹൈസ്‌കൂള്‍, തോട്ടക്കോണം എല്‍.പി. സ്‌കൂള്‍, മുടിയോര്‍കോണം എല്‍.പി. സ്‌കൂള്‍, കടയ്ക്കാട് എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ പന്തളം സിഐ ഇ.ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വിതരണം ചെയ്തത്. ബാഗും ബുക്കും അടങ്ങിയ കിറ്റാണ് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയത്. കുരുന്നുകള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് ഇത്തരത്തിലൊരു പ്രവര്‍ത്തനവുമായി രംഗത്ത് വന്നതെന്ന് സിഐ ഇ.ഡി ബിജു പറഞ്ഞു. പ്രളയം ബാധിച്ച പന്തളത്തെ വിവിധ പ്രദേശങ്ങളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ഇവര്‍ നടത്തിയിരുന്നു. എഎസ്‌ഐമാരായ ശ്യാംലാല്‍, രാജേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ അന്‍വര്‍ഷാ തുടങ്ങിയവരും സിഐക്കൊപ്പം പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യമാണ്.