കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ 702.96 കോടി രൂപയുടെ നഷ്ടം. 95 വീടുകൾ പൂർണമായും 1933 വീടുകൾ ഭാഗീകമായും തകർന്നു. 10.56 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് റോഡുകൾക്കാണ്. 530 കിലോമീറ്റർ പൂർണമായും 350 കിലോമീറ്റർ റോഡ് ഭാഗീകമായും തകർന്നു. 588 കോടി രൂപയാണ് ഈ ഇനത്തിൽ ജില്ലയ്ക്ക് ഭാരമാകുന്നത്. വാഴ, നെല്ല്, വിവിധയിനം പച്ചക്കറി വിളകൾ എന്നിവയുടെ നഷ്ടം ജില്ലയിലെ കാർഷിക മേഖലയെ വല്ലാതെ ബാധിച്ചു. 1400 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾക്കാണ് നാശമുണ്ടായത്. 80 കോടി രൂപയുടെ നഷ്ടം.

നെയ്യാർ ഡാമിന്റെ കനാലിൽ സംഭവിച്ച 12.94 കോടി രൂപയുടെ നാശമുൾപ്പടെ ജലസേചന വകുപ്പിന് 16.47 കോടി രൂപയുടെ നഷ്ടമുണ്ടായി. വൈദ്യുതി വകുപ്പിനാണ് താരതമ്യേന നഷ്ടം കുറവ്.  1.33 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടായത്. വാമനപുരം, നെയ്യാർ എന്നിവിടങ്ങളിലെ പമ്പ് ഹൗസുകൾ തകർന്നത് ഉൾപ്പെടെ  വാട്ടർ അതോറിറ്റിക്ക് 6.6 കോടി രൂപയുടെ അധിക ബാധ്യതയുമുണ്ടായതായി ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) അനു എസ്. നായർ അറിയിച്ചു.