പ്രളയക്കെടുതിയിൽനിന്നു കരയേറുന്ന കേരളത്തിലേക്ക് അന്യദേശങ്ങളിൽനിന്നു സഹായം പ്രവഹിക്കുന്നു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും തലസ്ഥാനത്തേക്ക് അയക്കുന്ന അവശ്യവസ്തുക്കൾ ജില്ലാ ഭരണകൂടം തരംതിരിച്ചു സൂക്ഷിച്ച്, ആവശ്യാനുസരണം വിവിധ ജില്ലകളിലേക്ക് അയക്കുകയാണ്. ആയിരത്തോളം സന്നദ്ധ പ്രവർത്തകർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇതിനായി അക്ഷീണം പ്രയത്നിക്കുന്നു. വിമാനത്തിലും ട്രെയിനിലുമായി തിരുവനന്തപുരത്തെത്തുന്ന സാധനങ്ങൾ നഗരത്തിലെ നാലു കേന്ദ്രങ്ങളിലാണു സംഭരിക്കുന്നത്.

തമ്പാന്നൂർ റെയിൽവേ കല്യാണ മണ്ഡപം, ജഗതിയിലെ കോ-ഓപ്പറേറ്റീവ് ടവർ, വിമൻസ് കോളജ്, ഓൾ സെയ്ന്റ്സ് കോളജ് എന്നിവിടങ്ങളിലാണ് സംഭരണ കേന്ദ്രങ്ങൾ. മറ്റു സംസ്ഥാനങ്ങളിൽനിന്നു റെയിൽ മാർഗം എത്തുന്ന സാധനങ്ങൾ അധികവും റെയിൽവേ കല്യാണ മണ്ഡപത്തിലും കോർപ്പറേഷൻ ടവറിലുമാണു സൂക്ഷിക്കുന്നത്. പ്രളയ ബാധിത ജില്ലകളിൽ നിലവിൽ ആവശ്യത്തിന് അവശ്യവസ്തുക്കൾ എത്തിയിട്ടുള്ളതിനാൽ ഇവയുടെ വിതരണം പൂർത്തിയാകുന്ന മുറയ്ക്കേ തിരുവനന്തപുരത്തുനിന്നു സാധനങ്ങൾ അയക്കൂ. കുടിവെള്ള ക്ഷാമം രൂക്ഷമായ ആലപ്പുഴയിലേക്ക് 36 ലോഡ് കുടിവെള്ളം അയച്ചു. കുട്ടനാട്ടിലെ പഞ്ചായത്തുകളിലേക്ക് അയക്കുന്ന ഇത് പഞ്ചായത്ത് സെക്രട്ടറിമാർക്കു കൈമാറും.

കുട്ടികൾക്കുള്ള ഭക്ഷണം, കുട്ടികളുടെ വസ്ത്രങ്ങൾ, ഡയപ്പറുകൾ, തൊപ്പി, ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, ടീഷർട്ട്, പാന്റ്സ്, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, അരി, പഞ്ചസാര, തേയില, കാപ്പിപ്പൊടി, പായ, ഈന്തപ്പഴം, മെഴുകുതിരി, നൂഡിൽസ്, ടിന്നിലാക്കിയ ഭക്ഷണ പദാർഥങ്ങൾ, അവൽ, സോപ്പ്, പേസ്റ്റ്, ബ്രഷ്, പാത്രങ്ങൾ, മാവ്, ക്ലീനിങ് ഉപകരണങ്ങൾ, ഓയിൽ, കുപ്പിവെള്ളം, ജ്യൂസ് തുടങ്ങിയവയാണ് ഇപ്പോൾ എത്തുന്നത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അരിയും സവാള അടക്കമുള്ള വസ്തുക്കളും എത്തുന്നുണ്ട്.

വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലുംനിന്ന് ലോറികളിൽ സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്ന അവശ്യവസ്തുക്കൾ പ്രത്യേകം പട്ടികയായി തരംതിരിച്ച് സൂക്ഷിക്കുകയും പ്രളയ മേഖലകളിലെ കളക്ടർമാർ അറിയിക്കുന്നതനുസരിച്ച് ലോഡുകളായി അയക്കുകയുമാണു ചെയ്യുന്നത്. സാധനങ്ങൾ തരംതിരിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും ജില്ലാ കളക്ടറുടെ ആഹ്വാനപ്രകാരം ആയിരത്തോളം വൊളന്റിയർമാരാണ് ഇന്നലെയും സംഭരണ കേന്ദ്രങ്ങളിലെത്തിയത്.