** ഓരോ കുടുംബങ്ങൾക്കും പരമാവധി 4 ലക്ഷം രൂപ വരെ സഹായം നൽകി
** ഊരുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് 6 ലക്ഷം
തിരുവനന്തപുരം: എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യവുമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന ലൈഫ് പദ്ധതിയിലൂടെ 123 ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ആദിവാസി മേഖലകളായ കുറ്റിച്ചൽ, വിതുര, തൊളിക്കോട്, ഉഴമലയ്ക്കൽ, പൂവച്ചൽ, ആര്യനാട്, വെള്ളനാട് എന്നീ പ്രദേശങ്ങളിലാണ് വീടുകളുടെ നിർമാണം പൂർത്തിയായത്. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ വിവിധ പദ്ധതികളിലായി വീടുവയ്ക്കാൻ സഹായം ലഭിച്ചിട്ടും പൂർത്തിയാകാത്ത പട്ടികവർഗക്കാരുടെ വീടുകൾക്കാണ് ഇപ്പോൾ ലൈഫിലൂടെ പുതുജീവൻ ലഭിച്ചത്.
ഓരോ ഗുണഭോക്താവിനും പരമാവധി നാലു ലക്ഷം രൂപയാണ് വീടുവയ്ക്കാനായി നൽകിയത്. ഇതിൽ ആദിവാസി ഊരുകളിൽ താമസിക്കുന്നവർക്ക് ചെലവിന് ആനുപാതികമായി പരമാവധി ആറു ലക്ഷം രൂപ വരെ നൽകിയതായിവെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി പറഞ്ഞു. അഞ്ച് ഘട്ടമായാണ് ഇവർക്ക് പണം അനുവദിച്ചത്. വെള്ളനാട് ബ്ലോക്കിന് കീഴിൽ എട്ട് ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ കുറ്റിച്ചൽ, വിതുര പഞ്ചായത്തുകളിൽ നല്ലൊരു ശതമാനവും പട്ടികവർഗ്ഗക്കാരാണ്. ഈ രണ്ടു പഞ്ചായത്തുകളിൽ മാത്രമായി 83 വീടുകൾ പൂർത്തീകരിക്കാനായതായും പ്രസിഡന്റ് വ്യക്തമാക്കി.
കുറ്റിച്ചൽ-48, വിതുര-35, തൊളിക്കോട്-23, ആര്യനാട്-13, വെള്ളനാട്-2, പൂവച്ചൽ, ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ ഒന്നു വീതം എന്നീ ക്രമത്തിലാണ് വീടുകൾ നിർമിച്ചു നൽകിയത്. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീട് ഇവിടുങ്ങളിലെ പല കുടുംബങ്ങൾക്കും ഉണ്ടായിരുന്നില്ല. താൽക്കാലിക ഷെൽറ്ററുകളിലാണ് കൂടുതൽ പേരും താമസിച്ചിരുന്നത്. ലൈഫ് പദ്ധതിയിലൂടെ സൗജന്യമായി വീടുവച്ച് നൽകാമെന്ന് അറിയിച്ചിട്ടും വിമുഖത കാട്ടിയ ഇവരെ പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി അടച്ചുറപ്പുള്ള വീടിന്റെ ആവശ്യം ബോധ്യപ്പെടുത്തിയാണ് സമ്മതിപ്പിച്ചത്.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നിരവധി പേരാണ് ആദിവാസി മേഖലകളിലുള്ളത്. പുതിയ വീടിനെപ്പറ്റി ഇവരെ ബോധവത്കരിക്കാൻ പഞ്ചായത്ത് അധികൃതർ ഏറെ പരിശ്രമിച്ചു. ഇതിനായി ആദിവാസി ഊരുകളിൽ നിരന്തരം സന്ദർശനം നടത്തുകയും ബോധവൽക്കരിക്കുകയും ചെയ്തു. ഇത്തരം വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിയാണ് വീടു നിർമാണം പൂർത്തിയാക്കിയതെന്നും ഇനിയും വീടില്ലാത്തവർ ആദിവാസി മേഖലകളിൽ ഉണ്ടെങ്കിൽ അടച്ചുറപ്പുള്ള വീടിന്റെ ആവശ്യം ബോധ്യപ്പെടുത്തി വിടുവെച്ച് നൽകാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.