ശബരിമല: സന്നിധാനത്ത് ഇടമുറിയാതെ മേള വര്‍ഷം പെയ്തിറങ്ങി. അതില്‍ ഭക്ത ഹൃദയങ്ങള്‍ അലിഞ്ഞു ചേര്‍ന്നു. കണ്ണൂര്‍ തലശ്ശേരി തൃപുട വാദ്യ സംഘമാണ് അയ്യപ്പന് മുന്നില്‍ വാദ്യാര്‍ച്ചന നടത്തിയത്.പതികാലത്തിലായിരുന്നു പഞ്ചാരി മേളത്തിന്റെ തുടക്കം. പിന്നീട് ചെണ്ട, കുഴല്‍, ഇലത്താളം എന്നിവയുമായി ഒരു മണിക്കൂര്‍ മേളപ്പെരുക്കം തീര്‍ത്തു. വിപിന്‍ കെ പാറാലിന്റെ നേതൃത്വത്തില്‍ 21 അംഗ സംഘമാണ് ഭക്തിയുടെ താളത്തില്‍ കൊട്ടിക്കയറിയത്. സംഘത്തില്‍ 16 വയസിന് താഴെയുള്ള 10 പേര്‍ ഉണ്ടായിരുന്നു. ഇതില്‍ 7 പേരും കന്നി സ്വാമിമാരാണ്. തന്റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളുടെ അരങ്ങേറ്റം പൂര്‍ത്തിയാക്കിയതോടെയാണ് വാദ്യാര്‍ച്ചന നടത്തിയതെന്നും 18-ാം തവണയാണ് ദര്‍ശനത്തിന് എത്തുന്നതെന്നും വിപിന്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് 18 പേരുമായെത്തി ഈ യുവാവ് അയ്യപ്പന് മുന്നില്‍ കളരിപ്പയറ്റ് നടത്തിയിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ പേരുമായെത്തി വാദ്യാര്‍ച്ചന നടത്താന്‍ സാധിക്കണമെന്ന പ്രാര്‍ത്ഥനയോടെയാണ് സംഘം മലയിറങ്ങിയത്.