* ഇടവിട്ട് ക്ലോറിനേഷന്‍ നടത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ പമ്പയാറ്റില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ നിര്‍ദേശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ജലനിരപ്പ് നിലനിര്‍ത്തുന്നതിന് വേണ്ടി ആവശ്യമെങ്കില്‍ കുള്ളാറിലെ ജലം പമ്പയാറ്റിലേക്ക് പമ്പ് ചെയ്തു നീരൊഴുക്ക് കൂട്ടി ജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിനു പുറമേ പമ്പയിലും എരുമേലിയിലും ശബരിമലയുടെ പരിസര പ്രദേശങ്ങളിലും ഉപയോഗിക്കുന്ന കുടിവെള്ളം ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇടവിട്ട് ക്ലോറിനേഷന്‍ നടത്തി ജലം ശുദ്ധീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.