ശബരിമല: മകരവിളക്ക് മഹോത്സവകാലം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹം കൂടി. വെര്‍ച്ചല്‍ ക്യൂ, സ്പോട്ട് ബുക്കിങ്ങുകള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മകരവിളക്ക് വരെ എല്ലാദിവസവും ഒരു ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ.
ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിങ്ങ് നൂറ് ശതമാനം പൂര്‍ത്തിയായി. മകരവിളക്ക് ദിനമായ 14നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറായിരത്തിന് അടുത്തെത്തി. എന്നാല്‍ മകരവിളക്കിന് ശേഷമുള്ള മൂന്ന് ദിവസം നിലവില്‍ ബുക്കിങ്ങ് കുറവാണ്. വെര്‍ച്ചല്‍ ക്യൂവിലൂടെ പരമാവധി തൊണ്ണൂറായിരം പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നടത്താനാകുക. സ്പോട്ട് ബുക്കിങ്ങിലൂടെ പതിനായിരത്തോളം പേര്‍ സന്നിധാനത്ത് എത്തുന്നു. പുല്‍മേട് വഴി ശരാശരി ഒരു ദിവസം 1500 മുതല്‍ 2000 പേര്‍ വരെയാണ് ദര്‍ശനത്തിന് വരുന്നത്. വൈകിട്ട് 4 മണി വരെയാണ് പുല്‍മേട്ടിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുക. വെള്ളിയാഴ്ച നാല്‍പ്പത്താറായിരം പേരും ശനിയാഴ്ച വൈകീട്ട് 6 മണിവരെ 65922 പേരും ദര്‍ശനം നടത്തി. ജനുവരി ഒന്ന് മുതല്‍ 19 വരെ 12,42,304 പേരാണ് വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തത്. 4,67,696 സ്പോട്ടാണ് ഇനി ബാക്കിയുള്ളത്.
മരക്കൂട്ടത്തിന് താഴേക്ക് വരി നീളാതിരിക്കാനാണ് പൊലീസ് പരിശ്രമിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ മണിക്കൂറില്‍ ശരാശരി 4500 പേരെ പതിനെട്ടാംപടി കയറ്റിവിടുന്നുണ്ട്. നടപ്പന്തലില്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമായി ഒരുക്കിയ പ്രത്യേക വരി നിരവധിപ്പേര്‍ക്ക് ആശ്വാസമാണ്. മണ്ഡലകാലത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ മകരകവിളക്ക് കാലത്ത് എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍.

മകരവിളക്ക് ഉത്സവ സീസണിലെ ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്
(ജനുവരി 1 മുതല്‍ 19 വരെയുള്ള നിലവിലെ കണക്ക് )തീയ്യതി, നിലവില്‍ ബുക്ക് ചെയ്തവര്‍, പരമാവധി ബുക്കിംഗ,് അവശേഷിക്കുന്ന ബുക്കിംഗ് എന്നിവ ക്രമത്തില്‍

1.  89,831   90,000   169
2.  89,930    90,000   70
3.  89,956    90,000   44
4.  89,969    90,000   31
5.   89,922   90,000   78
6.   89,931   90,000   69
7.   89,914   90,000   86
8.   89,946   90,000   54
9.   81,106   90,000   8,894
10.  55,824   90,000   34,176
11.  35,117   90,000   54,883
12.  40,349   90,000   49,651
13.  89,432   90,000   568
14.  89,943   90,000   57
15.  33,095   90,000   56,905
16.  29,853   90,000   60,147
17. 33,700    90,000   56,300
18.  25350    90,000   64,650
19.  9136      90,000   80,864