വയനാടിന്റെ കാർഷിക വൃത്തിയിലെ ഊന്നൽ നെൽകൃഷി മാത്രമായി ചുരുങ്ങാതെ പുഷ്പകൃഷിയും വലിയ പദ്ധതിയായി ഏറ്റെടുക്കാൻ കഴിയണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. അമ്പലവയൽ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുഷ്പകൃഷിയുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. വയനാട്ടിൽ പുഷ്പകൃഷി വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയുമായി ആലോചിച്ച് ഉന്നതതലയോഗം ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് സഞ്ചാരികളുടെ പറുദീസയായി മാറി കൊണ്ടിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ കേരളത്തിന്റെ സമ്പദ് ഘടനയിൽ പ്രത്യേകിച്ചും ടൂറിസം സമ്പദ്‌ഘടനയിൽ മികച്ച പങ്കു വഹിക്കാൻ കഴിയുന്ന തലത്തിലേക്ക് വയനാട് വളർന്നു കൊണ്ടിരിക്കുകയാണ്. വയനാടിനെ ഊട്ടിക്ക് സമാനമായ പൂന്തോട്ട ജില്ലയായി മാറ്റാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നു മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ആദ്യ ടിക്കറ്റ് വില്‍പ്പന അഡ്വ. ടി. സിദ്ദിഖ് എം.എൽ.എയും പ്രദർശന, വിപണന സ്റ്റാള്‍, കാര്‍ഷിക സെമിനാർ എന്നിവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാറും ഉദ്ഘാടനം ചെയ്തു. ഉമാ തോമസ് എം.എൽ.എ, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

ജനുവരി 15 വരെ ആണ് മേള. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ പൂപ്പൊലിയില്‍ ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം എന്നിവയ്ക്ക് പുറമെ തായ്ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, വിവിധയിനം ജര്‍ബറ ഇനങ്ങള്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള വിവിധ അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയായില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണ വിസ്മയമാണ് ഒരുക്കിയിരിക്കുന്നത്.

ഫ്ളോട്ടിംഗ് ഗാര്‍ഡന്‍, കൊട്ടത്തോണി, കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പെര്‍ഗോള ട്രീ ഹട്ട്, ജലധാരകള്‍ എന്നിവ പുഷ്പോത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ്.

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധതരം ശില്‍പ്പങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഊഞ്ഞാല്‍, ചന്ദ്രോദ്യാനം, വിവിധയിനം പക്ഷി മൃഗാദികള്‍, വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ നിറയുന്ന ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, പുഷ്പ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിംഗ് തുടങ്ങിയ മത്സരങ്ങളും മേളയുടെ ഭാഗമാണ്.
കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമിനാറുകള്‍ അതാത് മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ മേളയില്‍ സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയും കര്‍ഷകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടേതുമടക്കം 200-ല്‍പ്പരം സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിവിധ കലാവിരുന്നുകളും പുഷ്പമേളയുടെ ഭാഗമായി നടക്കും.