ശബരിമല: മകരവിളക്ക് മഹോത്സവത്തിനുള്ള ഭക്തജന പ്രവാഹം മുന്നില്‍ കണ്ട് സന്നിധാനത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. എ ഡി എം പി വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനുവരി 11 മുതല്‍ ദര്‍ശനത്തിന് എത്തുന്നതില്‍ ഒരു വിഭാഗം തീര്‍ഥാടകര്‍ മകരവിളക്കിന് ശേഷം മലയിറങ്ങാനാണ് സാധ്യത. അതിനാല്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഒരുക്കും. തീപിടുത്തം തടയാന്‍ തീര്‍ഥാടകര്‍ കാടിന്റെ പരിസരത്ത് നിന്നും പാചകം ചെയ്യുന്നത് തടയും. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി സന്നിധാനത്തേക്കുള്ള ട്രാക്ടറുകള്‍ ഉള്‍പ്പടെ പരിശോധിക്കും. പാചകം ചെയ്യാന്‍ ആവശ്യമായ പാത്രങ്ങള്‍ സന്നിധാനത്തെ കടകളില്‍ നിന്നും വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
വിവിധയിടങ്ങളില്‍ ഫയര്‍ഫോഴ്‌സ്, ദേവസ്വം, പോലീസ്, റവന്യു എന്നീ വിഭാഗങ്ങള്‍ സംയുക്ത പരിശോധന നടത്തി പ്രവര്‍ത്തനം വിലയിരുത്തും. സന്നിധാനത്ത് കൂടുതല്‍ അംബുലന്‍സ് സൗകര്യം ഒരുക്കും. അടിയന്തരഘട്ടങ്ങളില്‍ ലഭ്യമാകാന്‍ വിവിധ പോയിന്റുകളിലായി അംബുലന്‍സുകള്‍ സജ്ജമാക്കും. മകരവിളക്കിന് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് മെഡിക്കല്‍ സംവിധാനം വിപുലീകരിക്കും. ഒരേസമയം കൂടുതല്‍ പേര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള സാഹചര്യം ഉണ്ടാക്കും. താല്‍ക്കാലിക ആശുപത്രിയാക്കാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. മകരജ്യോതി കണ്ട് ഭക്തര്‍ കൂട്ടത്തോടെ മടങ്ങുമ്പോള്‍ അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ അന്നേ ദിവസം പോലീസ് ഉച്ചഭാഷിണിയിലൂടെ വിവിധയിടങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കും.ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സ്‌പെഷല്‍ ഓഫീസര്‍ വി എസ് അജി, അസി. സ്‌പെഷ്യല്‍ ഓഫീസര്‍ തപോഷ് ബസ്മതരി, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍, ആര്‍ എ ഫ് ഡെപ്യുട്ടി കമാന്‍ഡന്റ് ജി. വിജയന്‍, വിവിധ വകുപ്പുതല ഉദ്യോസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.