പുതുവര്‍ഷത്തോടനുബന്ധിച്ച് കിടപ്പുരോഗികള്‍ക്ക് പ്രത്യേക കരുതലുമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 13 വര്‍ഡുകളിലും അതത് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ കിടപ്പു രോഗികളെ നേരിട്ട് സന്ദര്‍ശിച്ച് പുതുവത്സരാശംസകള്‍ നേര്‍ന്നു. ഒപ്പം എല്ലാവര്‍ക്കും കേക്കും സമ്മാനിച്ചു.

ആശാ പ്രവര്‍ത്തകര്‍ക്കും പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ജനപ്രതിനിധികള്‍ രോഗികളെ കാണാന്‍ എത്തിയത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുന്ന രോഗികള്‍ക്ക് ഇത് ഏറെ ആശ്വാസമായി. പഞ്ചായത്തില്‍ 232 പേരാണ് പാലിയേറ്റീവ് പരിചരണത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ തീരെ കിടപ്പിലായ 132 രോഗികള്‍ക്കരികിലേക്കാണ് കരുതല്‍ സ്പര്‍ശവുമായി അധികൃതര്‍ എത്തിയത്.

പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരുന്നുള്‍പ്പെടെയുള്ള സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷത്തിലധികം രൂപയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.

കിടപ്പുരോഗികള്‍ക്ക് വൈദ്യ സഹായം നല്‍കുന്നതിന് പുറമെ മാനസിക പിന്തുണകൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തിയതെന്നും വരും ദിവസങ്ങളിളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.