ശബരിനാഥന് വയലിനില്‍ സംഗീതാര്‍ച്ചനയുമായി യുവ വയലിനിസ്റ്റ് കൊട്ടയൂര്‍ ജനാര്‍ദ്ദനന്‍. തമിഴ്‌നാട്ടിലെ യുവ കര്‍ണ്ണാടക സംഗീതജ്ഞരില്‍ ശ്രദ്ധേയനായി വരുന്ന കൊട്ടയൂര്‍ വി ജനാര്‍ദ്ദനന്‍ തന്റെ അമ്മാവനൊപ്പമാണ് സന്നിധാന മുഖ്യ മണ്ഡപത്തെ സംഗീത സാന്ദ്രമാക്കിയത്. കര്‍ണ്ണാടക സംഗീതത്തിലെ അനശ്വരകൃതികള്‍ക്കൊപ്പം ഭക്തിഗാനങ്ങളും ഗീതങ്ങളും ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തര്‍ക്ക് അമൃതധാരയായി.
പ്രസിദ്ധമായ വാതാപി ഗണപതിം ഭജേ.. എന്ന കൃതിയോടെയാണ് ജനാര്‍ദ്ദനന്‍ വയലിന്‍ കച്ചേരി തുടങ്ങിയത്.തുടര്‍ന്ന് അന്നമാചാര്യരുടെ ബ്രഹ്മം ഒക്കടെ പരം ബ്രഹ്മം ഒക്കടെയെന്ന കീര്‍ത്തനവും ഭക്തി ഗായകന്‍ വീരമണിരാജിന്റെ സ്വാമി അയ്യപ്പ എന്ന ഭക്തിഗാനവും ജനാര്‍ദ്ദനന്‍ വായിച്ചു . ശിങ്കാരവേലനെ ദേവാ എന്ന ജനപ്രിയ സിനിമാ ഭക്തിഗാനവും കാനഡ രാഗത്തിലെ ജനപ്രിയ കൃതിയായ അലൈ പായുതെയും പുരന്ദരദാസ കൃതിയായ ഭാഗ്യാത ലക്ഷ്മി ബാരമ്മയും വായിച്ചത് ശ്രോതാക്കളെ ആനന്ദത്തിലാഴ്ത്തി.തവിലില്‍ അമ്മാവന്‍ കൂടിയായ തൃക്കണമഗെ ജി രാജ അകമ്പടിയായി. തഞ്ചാവൂരിലെ സംഗീത കുടുംബത്തില്‍ ജനിച്ച ജനാര്‍ദ്ദനന്‍ പത്ത് വയസ് മുതല്‍ വയലിന്‍ അഭ്യസിക്കുന്നു. പ്രമുഖ വയലിന്‍ ആചാര്യന്‍ ദേവി പ്രസാദാണ് ഗുരു. ഭാരതി ദാസന്‍ സര്‍വ്വകലാശാലയില്‍ നിന്നും സംഗീതത്തില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ജനാര്‍ദ്ദനന്‍ നിരവധി വേദികളില്‍ കച്ചേരി അവതരിപ്പിച്ച് വരുന്നു.