ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ, ജലമോ കാരണമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്.

ഭക്ഷണസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍:  

* ഭക്ഷണപാനീയ വില്‍പനശാലകള്‍ അംഗീകൃത ലൈസന്‍സോടു കൂടി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളും തൊഴിലാളികളും ആറു മാസത്തിലൊരിക്കല്‍ ആരോഗ്യപരിശോധന നടത്തി കാര്‍ഡുകള്‍ കൈവശം സൂക്ഷിക്കണം. യാതൊരു കാരണവശാലും പഴകിയതും, ഉപയോഗയോഗ്യം അല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാന്‍ പാടുള്ളതല്ല.
* സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ജലം സമയാസമയങ്ങളില്‍ ലാബ് പരിശോധനയ്ക്ക് വിധേയമാക്കി ഉപയോഗയോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം.
* പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. കല്യാണം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്ഡ്രിങ്കുകളില്‍ ഐസ് ഉപയോഗം കഴിവതും ഒഴിവാക്കുക. ഐസ് ഉപയോഗിക്കുന്നപക്ഷം അതു ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പു വരുത്തുക.
* സ്ഥാപനത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുക. ഈച്ച, കൊതുക് തുടങ്ങിയ രോഗവാഹക ജീവികളുടെ അസാന്നിധ്യം ഉറപ്പുവരുത്തുക. ശാസ്ത്രീയമായ ഖര, ദ്രവ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ഏര്‍പ്പെടുത്തുക. ഭക്ഷണ വിതരണ ശാലകളില്‍ മാസ്‌ക്, ക്യാപ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന മത്സ്യ – മാംസാദികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക. അഞ്ചുമിനിട്ട് നേരമെങ്കിലും തിളപ്പിച്ചാറിയ ജലം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച ജലത്തില്‍ പച്ച വെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്.