കൊച്ചി: പ്രളയം വരുത്തിയ ദുരന്തങ്ങളില്‍ നിന്ന് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് പതിയെ മടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അഞ്ഞൂറിലേറെ പേരുടെ ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് തിരുവാണിയൂര്‍ വെണ്ണിക്കുളം സ്വദേശി ജോര്‍ജ് കുര്യനും വേള്‍ഡ് ചാരിറ്റി മിഷന്‍ എന്ന സംഘടനയും. ജോര്‍ജ് കുര്യന്റെ തന്നെ സ്വന്തമായ ഒരു ഫൈബര്‍ ബോട്ടിലും ആലപ്പുഴ മുഹമ്മയില്‍ നിന്നെത്തിച്ച സ്പീഡ് ബോട്ടിലുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
2012 ലാണ് ഇടക്കൊച്ചിയിലെ സമുദ്ര വള്ള കമ്പനിയില്‍ നിന്നും മുപ്പതിനായിരം രൂപ മുടക്കി ജോര്‍ജ് ഫൈബര്‍ ബോട്ട് സ്വന്തമാക്കുന്നത്. ചോറ്റാനിക്കര അമ്പലത്തില്‍ പിന്‍ഭാഗത്ത് തിരുവാങ്കുളം മാമല റൂട്ടിലുള്ള കട്ടച്ചിറതോട്ടില്‍ വീണ് ആളുകള്‍ അപകടത്തിലും മരണത്തിനും ഇടയാക്കുന്ന സാഹചര്യം കണക്കിലെടുത്തും സമീപപ്രദേശങ്ങളിലെ പാടശേഖരത്തിലും മറ്റും വര്‍ഷത്തില്‍ പലപ്പോഴും വെള്ളം പൊങ്ങുന്നതും മുന്നില്‍ കണ്ടാണ് ജോര്‍ജ് ബോട്ട് വാങ്ങുന്നത്. ഈ ബോട്ടാണ് ദുരന്തസമയത്ത് ഒട്ടേറെ പേരുടെ രക്ഷകനായത്.
നാട്ടില്‍ പ്രളയം ഉണ്ടാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ തിരുവാണിയൂര്‍, പുത്തന്‍കുരിശ്, കോലഞ്ചേരി, എന്നിവിടങ്ങളിലെ സന്നദ്ധ മനോഭാവമുള്ള ആളുകളുടെ മനസ്സില്‍ തോന്നിയ ആശയത്തെ തുടര്‍ന്നാണ് ഓഗസ്റ്റ് 15ന് വേള്‍ഡ് ചാരിറ്റി മിഷന്‍ എന്ന പേരില്‍ സംഘടന രൂപം കൊണ്ടത്. അടുത്തദിവസം തന്നെ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഇവര്‍ക്ക് മുന്നിട്ടിറങ്ങേണ്ടിവന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തും അടങ്ങുന്ന ദുരിതാശ്വാസ ടീമിനെ കൈകോര്‍ത്ത് പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വേള്‍ഡ് ചാരിറ്റി മിഷന്‍ രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി അംഗങ്ങള്‍ ചേര്‍ന്ന് രണ്ട് ആംബുലന്‍സും വാങ്ങിയിട്ടുണ്ട്. ദുരന്തസമയത്ത് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായും മരുന്നും മറ്റ് അവശ്യവസ്തുക്കളമായും ആംബുലന്‍സും നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്നു.
പിറവം, രാമമംഗലം, ആലുവ, ശിവലി ഊരമന, ചേന്ദമംഗലം, പെരുവംമൂഴി, വെടിമറ തുടങ്ങിയ മേഖലകളില്‍ നിന്നാണ് അഞ്ഞൂറിലേറെ മനുഷ്യരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അതില്‍ ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. ഫൈബര്‍ ബോട്ടില്‍ ഒരേ സമയം നാലുപേരെയും സ്പീഡ് ബോട്ടില്‍ 20 പേരെയും കയറ്റിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനം മാത്രമല്ല ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു കൊടുക്കുന്നതിനും ഫൈബര്‍ ബോട്ടും ജോര്‍ജും മുന്നിലുണ്ടായിരുന്നു. ജോണ്‍ എബ്രഹാം, സണ്ണി, ലാലു, രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ ജോര്‍ജിനൊപ്പം ഉണ്ടായിരുന്നു.
ദുരന്ത കയത്തില്‍ നിന്നും പലരെയും കൈപിടിച്ച് കരക്കെത്തിച്ചെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചില്ല. ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ലേക് ഷോര്‍ ഹോസ്പിറ്റലിന്റെയും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും സഹകരണത്തോടെ തിരുവല്ലയിലും ചെങ്ങന്നൂരും ഈ കൂട്ടായ്മ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.
പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹകരണവും രക്ഷാപ്രവര്‍ത്തനത്തില്‍ കൂട്ടായ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല 2012 മുതല്‍ വെള്ളത്തില്‍ വീണ പന്ത്രണ്ടോളം മൃതദേഹങ്ങള്‍ കരയ്ക്കെത്തിക്കാനും ജോര്‍ജിന്റെ ഫൈബര്‍ ബോട്ട് സഹായകരമായിട്ടുണ്ട്.
ക്യാപ്ഷന്‍: ജോര്‍ജ് കുര്യനും വേള്‍ഡ് ചാരിറ്റി മിഷന്‍ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തന വേളയില്‍