കൊച്ചി: പ്രളയം തകര്‍ത്തു കളഞ്ഞ ഏലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സഹായഹസ്തവുമായി ഇന്ത്യന്‍ ആര്‍മി. സേനയുടെ ഹൈദരാബാദ് യൂണിറ്റിന്റെ 23 അംഗ മെഡിക്കല്‍ സംഘമാണ് ഏലൂരില്‍ എത്തിയത്. ആശുപത്രി താല്‍കാലികമായി പ്രവര്‍ത്തിക്കുന്നത് ഏലൂര്‍ – മഞ്ഞുമ്മല്‍ വനിതാ ഹോസ്റ്റലിലാണ്. ആശുപത്രിയിലെ സ്ഥിരം ഡോക്ടര്‍ ഡോ. ധന്യയോടൊപ്പം ഇവര്‍ രോഗികളെ പരിചരിച്ചു.
കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ മെഡിക്കല്‍ സംഘം പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. ഇവിടെ ക്യാമ്പുകളിലും ഇവരുടെ സേവനം ലഭിച്ചു. ലഫ്റ്റനന്റ് കേണല്‍ ഡോ. സിദ്ധാര്‍ത്ഥ് പ്രസാദാണ് സംഘത്തെ നയിക്കുന്നത്. ക്യാപ്റ്റന്‍മാരായ ഡോ. ഗൗതം വര്‍മ, ഡോ. സിദ്ധാര്‍ത്ഥ് എന്നിവരും ഒപ്പമുണ്ട്. ആശുപത്രിയിലെ മറ്റു സേവനങ്ങള്‍ക്കായി ലാബ് ടെക്നീഷ്യന്‍മാരായും നഴ്സുമാരായും 18 പേരും ഉണ്ട്.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൂടുതലും നടക്കുന്നത്. പനി ഉള്ളവരില്‍ എലിപ്പനി ലക്ഷണങ്ങള്‍ പരിശോധിക്കുന്നുണ്ട്. ജനറല്‍ ഒ.പിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എമര്‍ജന്‍സി ഇ.സി.ജി സൗകര്യം വരെ താല്‍കാലിക ക്ലിനിക്കില്‍ ലഭ്യമാണ്.
പ്രളയത്തില്‍ ഏലൂര്‍ ആശുപത്രി പൂര്‍ണമായും മുങ്ങിയിരുന്നു. ചികിത്സാ ഉപകരണങ്ങളെല്ലാം ചെളി കയറി. നാലു ലക്ഷം രൂപയുടെ മരുന്നുകള്‍ നശിച്ചു. ലാബിലെ ഉപകരണങ്ങള്‍, പാലിയേറ്റീവ് ചികിത്സയ്ക്കുണ്ടായിരുന്ന സംവിധാനങ്ങള്‍ എല്ലാം വെള്ളത്തിലായി. ആകെ 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഡോ.ധന്യ പറയുന്നു. ഏലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ വൃത്തിയാക്കല്‍ നടപടി പുരോഗമിക്കുകയാണ്. രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ആശുപത്രി പൂര്‍വ സ്ഥിതിയില്‍ പ്രവര്‍ത്തിക്കാനാകുകയുള്ളൂ.
ക്യാപ്റ്റന്‍ ഡോ. ഗൗതം വര്‍മ്മ ഏലൂരിലെ താല്‍കാലിക ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ സമീപം.