കൊച്ചി: ഗുരുതരമായി മലിനീകരിക്കപ്പെട്ട പ്രളയ ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ തുടര്‍ന്നും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ്. എലിപ്പനി പ്രതിരോധ മരുന്നായ ‘ഡോക്‌സിസൈക്ലിന്‍’ കഴിക്കുമ്പോള്‍ ഒരാഴ്ചത്തേക്കാണ് സംരക്ഷണം കിട്ടുന്നത്. മലിനജലവുമായി തുടര്‍ന്നുംസമ്പര്‍ക്കമുള്ളവരും (വീടിനകത്തും പുറത്തും), ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും തുടര്‍ന്നും ഈ ഗുളിക കഴിക്കണം. മുതിര്‍ന്നവര്‍ 100 മില്ലിഗ്രാമിന്റെ 2 ഗുളികകളാണ് കഴിക്കേണ്ടത് (ആകെ 200 ാഴ). 8 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ 100 മില്ലിഗ്രാമിന്റെ 1 ഗുളികയാണ് കഴിക്കേണ്ടത്. 2 വയസ്സ് മുതല്‍ 8 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള ഡോസ് ആണ് നല്‍കേണ്ടത്.
ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഈ ഗുളിക കഴിക്കരുത്. അവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മറ്റു മരുന്നുകള്‍ കഴിക്കേണ്ടതാണ്. ആഹാരത്തിനുശേഷമാണ് ഗുളിക കഴിക്കേണ്ടത്.
സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും ആരോഗ്യപ്രവര്‍ത്തകര്‍ വഴിയും ഈ ഗുളിക സൗജന്യമായി ലഭ്യമാണ്. പനി ബാധിച്ചാല്‍ അന്നേ ദിവസം തന്നെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.