കൊച്ചി: രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയച്ചേര്‍ന്ന ദുരിത ബാധിതര്‍ക്കുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ പാഴ്സലുകള്‍ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് എറണാകുളം മഹാരാജാസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പങ്കാളിത്തം. ഇവിടെയെത്തുന്ന സാധനങ്ങള്‍ ക്രമീകരിച്ച് സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
സപ്ലൈകോ ഗോഡൗണ്‍, സെന്‍ട്രല്‍ വെയര്‍ഹൗസ്, കളമശേരി ഗോഡൗണ്‍ എന്നിവിടങ്ങളിലേക്കാണ് പാഴ്സലുകള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ എത്തിച്ചത്. ഇന്നലെ (01.09.18) സൗത്ത് റെയിവേ സ്റ്റേഷനില്‍ എത്തിയ മുഴുവന്‍ പാഴ്സലും ഇവരുടെ നേതൃത്വത്തിലാണ് ട്രെയിനുകളില്‍ നിന്ന് ഇറക്കി സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
കൂടാതെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കുന്നുകര പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പഞ്ചായത്തുമായി സഹകരിച്ചാണ് ശുചീകരണം നടത്തിയത്. പത്താം വാര്‍ഡിലുള്ള എല്ലാ വീടുകളിലെയും പൊതു സ്ഥലങ്ങളിലെയും  മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരണത്തിന് പഞ്ചായത്തിന് കൈമാറി. നൂറിലധികം വിദ്യാര്‍ത്ഥികളാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍മാരായ പ്രജനി പ്രകാശിന്റെയും ജൂലി ചന്ദ്രയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.