മകരവിളക്ക് മഹോല്‍സവത്തിന്റെ മുന്നോടിയായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന മുന്നൊരുക്കങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ.കെ അനന്തഗോപന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മകരജ്യോതി ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍ തമ്പടിക്കുന്ന പാണ്ടിത്താവളം, മാങ്കുണ്ട ഭാഗങ്ങളിലായിരുന്നു പ്രസിഡണ്ടിന്റേയും സംഘത്തിന്റേയും സന്ദര്‍ശനം.
പാണ്ടിത്താവളത്തിലെ നിലമൊരുക്കല്‍, ബാരിക്കേഡ് നിര്‍മ്മാണം, കുടിവെള്ള വിതരണ സംവിധാനങ്ങള്‍ തുടങ്ങിയവ സംഘം പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ഉരല്‍ക്കുഴി, പുല്ലുമേടു നിന്നുള്ള തീര്‍ത്ഥാടക വഴികള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു. ശേഷം അപകടമുണ്ടായ വെടിമരുന്ന് ശാല സന്ദര്‍ശിച്ച പ്രസിഡണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.മരാമത്ത് വിഭാഗം അസി.എഞ്ചിനിയര്‍ സുനില്‍ കുമാര്‍, ഫെസ്റ്റിവെല്‍ കണ്‍ട്രോളര്‍ രാജേഷ്, ദേവസ്വം പിആര്‍ഒ സുനില്‍ അരുമാനൂര്‍ എന്നിവരും പ്രസിഡണ്ടിനെ അനുഗമിച്ചു.