ആലപ്പുഴ :പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം സംബന്ധിച്ച പരാതികൾ ഇല്ലാത്ത വിധത്തിൽ കാര്യങ്ങൾ നിർവഹിക്കണമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും മന്ത്രി തോമസ് ഐസക് നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളം കിയോസ്ക്കുകളിൽ എത്തിക്കണം. അവിടെ വന്ന് ആളുകൾ കുടിവെള്ളം സംഭരിച്ചുകൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കണം. ആവശ്യമായ ഇടങ്ങളിൽ കൂടുതൽ കിയോസ്കുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ( തീരപ്രദേശമൊഴികെയുള്ള ) കുട്ടനാട്ടിലെ പഞ്ചായത്തുകളിലേക്ക് ലഭ്യമാക്കണം.
അത്യാവശ്യ ഇടങ്ങളിൽ കുപ്പിവെള്ളം എത്തിക്കും. വാട്ടർ അതോറിട്ടി നൽകുന്ന കുടിവെള്ളം എല്ലായിടവും എത്തിക്കാനുള്ള ചുമതല അതത് പഞ്ചായത്ത് സെക്രട്ടറിമാർക്കാണെന്നും മന്ത്രി പറഞ്ഞു. ബോട്ടോ, ചെറിയ വള്ളമോ, വാഹനങ്ങളോ തയ്യാറാക്കി അതിന് നടപടി സ്വീകരിക്കണം. കുടിവെള്ള വിതരണത്തിന് പഞ്ചായത്തുകൾക്ക് തനത് ഫണ്ടോ പ്ലാൻ ഫണ്ടോ ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്. പഞ്ചായത്തുകൾ ആവശ്യപ്പെടുന്ന അത്രയും വെള്ളം ഏതുവിധേനയും എത്തിച്ചു നൽകുന്നതിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കർശനമായ നിർദ്ദേശം നൽകി.
