ധനമന്ത്രി കുട്ടനാട്ടിലെ പഞ്ചായത്ത് ഓഫീസുകൾ  സന്ദർശിച്ചു
ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ബാധിതർക്ക് സർക്കാർ നൽകുന്ന 10,000 രൂപ വീതമുള്ള സഹായധനം ഈ മാസം അഞ്ചാം തിയതിക്കകം നൽകുന്നതിനുള്ള നടപടികളാണ് എടുത്തുവരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഏറെപ്പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക ലഭ്യമാക്കി. പുനരധിവാസത്തിന് ശേഷമുള്ള  കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്തുന്നതിനും  ജനങ്ങളുടെയും പഞ്ചായത്ത് അധികൃതരുടെയും പരാതികൾ പരിഹരിക്കുന്നതിനുമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തിലും സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തിലും മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് അതതിടത്തെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. പലതിനും അപ്പോൾ തന്നെ പരിഹാരം നിർദ്ദേശിച്ചു.
രാവിലെ ഒമ്പതിന് തകഴിയിൽ നിന്നാണ് യാത്ര തുടങ്ങിയത്.  ആദ്യം തകഴിപഞ്ചായത്ത്, തുടർന്ന് എടത്വ, തലവടി, മുട്ടാർ, വെളിയനാട്, നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, രാമങ്കരി, ചമ്പക്കുളം, നെടുമുടി എന്നിവടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. തകഴി പഞ്ചായത്തിൽ പഞ്ചായത്ത് പ്രതിനിധികളുടെ യോഗത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കയർ കോർപറേഷൻ ചെയർമാൻ ആർ.നാസർ തുടങ്ങിയവരും സന്നിഹിതരായി.