പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതരായ കുട്ടികളുടെ കുടുംബങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍എസ്എസ്) വോളണ്ടിയര്‍മാര്‍ വീടുവീടാന്തരം കയറി ശേഖരിച്ച് എത്തിച്ച അവശ്യവസ്തുക്കള്‍ തരംതിരിച്ച് കിറ്റുകളാക്കി മാറ്റുന്ന പ്രവര്‍ത്തനം അടൂര്‍ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.  വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ടോയ്‌ലറ്റ് വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി സ്‌കൂളിലേയും അടൂര്‍ ഗേള്‍സ് സ്‌കൂളിലേയും വോളണ്ടിയര്‍മാരാണ് തരം തിരിച്ച് കിറ്റുകളാക്കി മാറ്റിയത്. വരും ദിവസങ്ങളില്‍ ജില്ലയൊട്ടാകെ ഇത് വിതരണം ചെയ്യും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഷറഫ്, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ബിജുകുമാര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ ജയകുമാര്‍, രാജിത്, ബിറ്റു ഐപ്പ്, പ്രോഗ്രാം ഓഫീസര്‍ മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.