‘വായനയാണ് ലഹരി’ എന്ന സന്ദേശം ഉയർത്തി നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ സ്കൂൾ വിദ്യാർഥികൾക്ക് അവസരം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 25,000 വിദ്യാർത്ഥികളും 259 സ്കൂളുകളുമാണ് പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉദ്ഘാടന ദിവസത്തിൽ 17 സ്കൂളുകളിൽ നിന്നായി 1564 കുട്ടികൾ പുസ്തകോത്സവം സന്ദർശിച്ചു.

കേരള നിയമസഭ കാണുന്നതിനും പുസ്തകങ്ങളുടെ വിശാലമായ ലോകം അനുഭവിക്കുന്നതിനുമുള്ള വലിയ അവസരമാണ് കുരുന്നുകൾക്ക് ലഭിക്കുന്നത്. കോമിക്ക് പുസ്തകങ്ങൾ മാത്രമല്ല, പഠനത്തിന് ഉപകാരപ്രദമാകുന്ന പുസ്തകങ്ങളെക്കുറിച്ച് അറിയുന്നതിനും താത്പര്യമുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികൾക്കും സ്കൂളുകൾക്കും പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രത്യേക ഡിസ്കൗണ്ടുകളും അനുവദിക്കും.