കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച(10 ജനുവരി) ബി. സന്ധ്യ ഐ.പി.എസ് രചിച്ച ‘ശക്തിസീത’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. സനിത  അനൂപ്, അനൂപ് ചാലിശ്ശേരി എന്നിവർ തയ്യാറാക്കിയ ‘സഖാവ് കോടിയേരി’ എന്ന പുസ്തകം തദ്ദേശ സ്വയംഭരണം-എക്‌സൈസ്  വകുപ്പ് മന്ത്രി  എം.ബി. രാജേഷ് പ്രകാശനം  ചെയ്യും. കെ. വേണു എഴുതിയ മ’ാർക്സിസം: ഉത്ഭവവും വികാസവും പരാജയവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം സി.പി. ജോൺ നിർവഹിക്കും. ഉച്ചതിരിഞ്ഞ് 2.45ന് കെ.ആർ. മീര എൻ.ഇ.സുധീറുമായി എഴുത്ത് അനുഭവങ്ങൾ പങ്കുവെയ്ക്കും.

രാവിലെ 10.30ന് നടക്കുന്ന പാനൽ ചർച്ചയിൽ എം.എ. ബേബി, ഡോ.ടി.എം. തോമസ് ഐസക്,  പ്രൊഫ. ജി. ബാലചന്ദ്രൻ, ഡോ. രാജൻ ഗുരുക്കൾ, കെ.ആർ.മല്ലിക എന്നിവർ പങ്കെടുക്കും. ‘ഇ.എം.എസ് – രാഷ്ട്രീയവും എഴുത്തു ജീവിതവും’ എന്നതാണ് വിഷയം. സമകാലീന നോവലിന്റെ സഞ്ചാര വഴികൾ എന്ന പാനൽ ചർച്ചയിൽ ജോർജ് ഓണക്കൂർ, ടി. ഡി. രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഡോ. പ്രിയ കെ. നായർ എന്നിവർ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന ചർച്ചയിൽ വി. ജെ. ജെയിംസ് മോഡറേറ്റർ ആകും.

4.50ന് തുടങ്ങുന്ന കവിയരങ്ങിൽ പ്രഭാവർമ, മുരുകൻ കാട്ടാക്കട, ഗിരീഷ് പുലിയൂർ, പവിത്രൻ തീക്കുനി, പി.കെ. ഗോപി എന്നിവർ പങ്കെടുക്കും. 5.30ന് നടക്കുന്ന വിഷൻ ടോക്കിൽ ‘നാം തിരഞ്ഞെടുക്കുന്നതാണ് ഭാവി’ എന്ന വിഷയം ആസ്പദമാക്കി മുരളി തുമ്മാരുകുടി സംസാരിക്കും. വൈകുന്നേരം 6.20ന് പി . ഭാസ്‌കരനെ കുറിച്ചുള്ള ഓർമ്മകൾ ശ്രീകുമാരൻ തമ്പി പങ്കു വയ്ക്കുന്നു. വയലാർ രാമവർമ്മയെക്കുറിച്ചുള്ള ഓർമ്മകൾ വയലാർ ശരത് ചന്ദ്ര വർമ പങ്കുവയ്ക്കുന്നു.

വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ‘ശ്രുതിലയസന്ധ്യ’ എന്ന സംഗീത നിശയിൽ മോക്ഷ ബാൻഡ്, ഇന്ത്യൻ ലേഡി ബീറ്റ് ബോക്സർ, ചാൾസ് മൾട്ടി ലിംഗ്വൽ സിംഗർ, ആതിര സാജൻ സ്പെഷ്യൽ പെർഫോമൻസ്, ശ്രീറാം, അനിത ഷെയ്ഖ് തുടങ്ങിയവർ പങ്കെടുക്കും.