കാക്കനാട്: എട്ടുവര്‍ഷത്തിനിടെ ആദ്യമായി ശബ്ദവീചികള്‍ കാതിലെത്തിയപ്പോള്‍ അമ്പാടി അത്യാഹ്ലാദത്തോടെ കലക്ടറുടെ ചേമ്പറിനുള്ളില്‍ ഒച്ചവെച്ചു. കേള്‍വിത്തകരാറുള്ള അമ്പാടി ജില്ലാ ഭരണകൂടത്തിന്റെ ജ്യോതി പദ്ധതിയില്‍ ലഭിച്ച ശ്രവണസഹായി സ്വീകരിക്കാനാണ് ചേമ്പറിലെത്തിയത്. പൊന്നുരുന്നി സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ രാജന്റെയും ഓട്ടോ ഡ്രൈവറായ സ്‌നേഹയുടെയും മകനാണ് അമ്പാടി എന്നു വിളിപ്പേരുള്ള എട്ടു വയസ്സുകാരന്‍ അഭിനവ്. കുഞ്ഞിന് വികൃതി കൂടുതലാണെന്നും സംസാരശേഷി കുറവാണെന്നുമുള്ള വിഷമത്തില്‍ ഈ മാതാപിതാക്കള്‍ നിരവധി സ്ഥലങ്ങളില്‍ ചികിത്സതേടിയിരുന്നു. കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ത്തിയിരുന്നെങ്കിലും പെരുമാറ്റത്തിലെ പൊരുത്തക്കേടുകാരണം പഠനം തുടരാന്‍ പല തരത്തിലും തടസ്സങ്ങല്‍ നേരിട്ടു. അതിനിടെയാണ് ജില്ലാ ഭരണകൂടത്തിന്റെയും സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് എന്റിച്ച്‌മെന്റി(സിഫി)ന്റെയും സംയുക്ത സംരംഭമായ ജ്യോതി പദ്ധതിയെക്കുറിച്ചറിഞ്ഞത്. കടവന്ത്രയിലെ സിഫി വളണ്ടിയറായ രാജേഷ് രാമകൃഷ്ണന്റെ അടുത്ത് നാലുമാസം മുമ്പ് രാജനും സ്‌നേഹയും ചികിത്സ തേടി എത്തിയപ്പോഴായിരുന്നു ഇത്. കുഞ്ഞ് ഹൈപ്പര്‍ ആക്ടീവായിരിക്കുന്നതിന്റെയും വ്യക്തമായി സംസാരിക്കാത്തതിന്റെയും കാരണം കേള്‍വിത്തകരാറാണെന്ന് സിഫിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. കുഞ്ഞിന്റെ ബുദ്ധിയ്ക്ക് തകരാറൊന്നുമില്ലെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ നാലു മാസമായി സിഫി ചെയര്‍പേഴ്‌സണ്‍ ഡോ.പി.എ.മേരി അനിതയുടെ നേതൃത്വത്തിലുള്ള സംഘം അമ്പാടിയ്ക്കം മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ്ങും സ്പീച്ച് തെറാപ്പിയുംമറ്റും നടത്തി വരികയായിരുന്നു.
ഇരുചെവികള്‍ക്കും വ്യത്യസ്ത കേള്‍വിശക്തിയാണ് എന്നതായിരുന്നു അമ്പാടിയും ചികിത്സകരും നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. അമ്പാടിയിലെ പദവിന്യാസപ്രശ്‌നത്തിനു കാരണവും ഇതുതന്നെയായിരുന്നു. ശ്രവണസഹായി ഘടിപ്പിച്ചശേഷം സ്പീച്ച്‌തെറാപ്പി നല്‍കിയാല്‍ അനുസരണക്കേടും സംസാരവൈകല്യവും മാറി അമ്പാടി മിടുമുടുക്കനാവുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ഇരുചെവികളുടെയും ശേഷിക്കനുസൃതമായ ശ്രവണസഹായി ജ്യോതി പദ്ധതിയിലുള്‍പ്പെടുത്തി നല്‍കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അനുമതി നല്‍കി.
കര്‍ണ്ണപാളിയെ പിന്താങ്ങുകയും സ്വരവ്യതിയാനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉപകരണമായിരുന്നു ആവശ്യം. 3,20,000 രൂപ വിലയുള്ള ഉപകരണം അമ്പാടിയ്ക്കായി വരുത്തി. കലൂരിലെ തെറാപ്പി യൂണിറ്റില്‍ ശ്രവണസഹായിയുടെ ക്ഷമത പരിശോധിക്കുകയുംചെയ്തു. ഉപകരണതത്തിന് രണ്ടു വര്‍ഷത്തെ സര്‍വ്വീസും സ്പീച്ച് തെറാപ്പിയും സൗജന്യമായി നല്‍കാന്‍ സിഫി പ്രവര്‍ത്തകര്‍ സന്നദ്ധതയറിയിച്ചു.
തിരുവോണദിവസം വീട്ടിലെത്തി ശ്രവണസഹായി സമ്മാനിക്കണമെന്നാണ് കലക്ടറും സിഫി പ്രവര്‍ത്തകരും കരുതിയത്. പ്രളയം വന്നതിനാല്‍ അതു നടന്നില്ല. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ അമ്പാടിയ്ക്ക് ശബ്ദങ്ങളുടെ ലോകം വൈകരുതെന്ന കരുതലില്‍ അമ്പാടിയെയും കുടുംബത്തെയും ജില്ലാ കലക്ടര്‍ ചേമ്പറിലേക്കു ക്ഷണിച്ചതങ്ങനെയാണ്.
മാതാപിതാക്കളെ കൂടാതെ സിഫി ചെര്‍പേഴ്‌സണ്‍ ഡോ.പി.എ.മേരി അനിത, വളണ്ടിയര്‍ ഡോ.രാജേഷ് രാമകൃഷ്ണന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ശ്രീജിഷ് പിള്ള, ഡാന്‍ ദാമോദര്‍ എന്നിവര്‍ക്കൊപ്പം ചാടിത്തുള്ളി ചേമ്പറിലെത്തിയ അമ്പാടി അത്യാഹ്ലാദത്തോടെയാണ് ജില്ലാ കലക്ടറില്‍നിന്നും സമ്മാനം സ്വീകരിച്ചത്. താങ്ക്യൂ എന്ന് വളരെ ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് കൂടെ വന്ന എല്ലാവരെയും പേരെടുത്തു പറഞ്ഞ് കലക്ടറെ പരിചയപ്പെടുത്തിയ അമ്പാടി അദ്ദേഹത്തിനരികിലെത്തി സല്യൂട്ട് നല്‍കുകകൂടി ചെയ്തപ്പോള്‍ അവനെ ചേര്‍ത്തുപിടിച്ച കലക്ടറുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞിരുന്നു.