കല്‍പ്പറ്റ: ഭാരതീയ ചികില്‍സ വകുപ്പിന്റെ പ്രളയാനന്തര ആരോഗ്യ സംരക്ഷണ പരിപാടിയായ ‘ഒപ്പമുണ്ട് ആയുര്‍വേദം’ പദ്ധതി കളക്ടറേറ്റ് പരിസരത്ത് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വായു, ജലജന്യരോഗങ്ങള്‍ പടരുന്നതു തടയുന്നതിനാവശ്യമായ നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി പ്രകാശനം ചെയ്തു. പ്രളയബാധിത മേഖലകളിലെ സമ്പൂര്‍ണ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി പ്രളയാനന്തര രോഗങ്ങള്‍ക്കുള്ള വിദഗ്ധ ചികില്‍സകള്‍, മാനസികാരോഗ്യ കൗണ്‍സലിംഗ് തുടങ്ങി വിവിധ പരിപാടികള്‍ ഇതോടൊപ്പം വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യപടിയായി കണ്ണൂര്‍, പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജുകളുടെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, നാഷനല്‍ ആയുഷ് മിഷന്‍, പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെയും സഹായത്തോടെ ഭാരതീയ ചികില്‍സ വകുപ്പ് മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു. ജില്ലയിലെ എറ്റവും കുടുതല്‍ ദുരിതമനുഭവിക്കുന്ന പ്രളയബാധിത മേഖലകളിലെ അയ്യായിരത്തോളം വീടുകള്‍ നാലുപേരടങ്ങിയ വിവിധ സംഘങ്ങള്‍ സന്ദര്‍ശിച്ച് ലഘുലേഖകളും ഔഷധങ്ങളും വിതരണം ചെയ്യും. ഇതോടൊപ്പം അന്തരീക്ഷ ശുദ്ധീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ‘ധൂമരഥം’ വിവിധ പ്രളയബാധിത മേഖലകളില്‍ പ്രയാണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം വെങ്ങപ്പള്ളി പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍, കോട്ടത്തറ പഞ്ചായത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ ധൂമരഥം ഉദ്ഘാടനം ചെയ്തു. എലിപ്പനി പോലുള്ള രോഗങ്ങള്‍ പടരാനിടയുള്ളതിനാല്‍ സ്വയം ചികില്‍സ ഒഴിവാക്കണമെന്നും മുറിവുകള്‍ മലിനജലം കയറാതെ ശ്രദ്ധിക്കണമെന്നും കുടിവെള്ള സ്രോതസ്സുകള്‍ ശുചീകരിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) ഡോ. എസ്. ഷിബു നിര്‍ദേശിച്ചു. നാഷനല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുകേഷ് കുമാര്‍, ഒപ്പമുണ്ട് ആയുര്‍വേദം പദ്ധതി കണ്‍വീനര്‍ ഡോ. എബി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.