മകരജ്യോതി ദര്‍ശന ശേഷം അയ്യപ്പഭക്തരുടെ മലയിറക്കത്തിനായി പാണ്ടിത്താവളത്തു നിന്നും സമീപ ഇടങ്ങളില്‍ നിന്നുമായി രണ്ട് പാതകള്‍ ക്രമീകരിച്ച് പോലീസ്. ഏറ്റവും സൗകര്യപ്രദമായി മകരജ്യോതി ദര്‍ശിക്കാവുന്ന പാണ്ടിത്താവളത്താണ് ഏറ്റവും കൂടുതല്‍ ഭക്തരുടെ തിരക്ക് പോലീസ് പ്രതീക്ഷിക്കുന്നത്. നൂറ്റെട്ട് പടി, തിരുമുറ്റം തുടങ്ങിയ ഇടങ്ങളിലും ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിനായി നില ഉറപ്പിക്കും. പാണ്ടിത്താവളം വാട്ടര്‍ ടാങ്ക്, മാഗുണ്ട അയ്യപ്പനിലയം തുടങ്ങിയ ഇടങ്ങളിലും സമീപ കേന്ദ്രങ്ങളിലും തമ്പടിച്ച ഭക്തര്‍ പാണ്ടിത്താവളം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഇന്‍സിനറേറ്ററിന്റെയും അന്നദാനമണ്ഡപത്തിന്റെയും പിറകിലൂടെ ബെയിലി പാലം വഴി സ്വാമി അയ്യപ്പന്‍ റോഡില്‍ പ്രവേശിക്കണം. നൂറ്റെട്ട്പടി ആരംഭിക്കുന്നിടത്തു നിന്ന് തിരിഞ്ഞ് ഭക്തര്‍ മകരജ്യോതി ഗസ്റ്റ് ഹൗസിന് പിറകിലൂടെ പുതിയ ട്രാക്ടര്‍ റോഡിലൂടെ എത്തി മലയിറങ്ങുന്ന രീതിയിലാണ് രണ്ടാമത്തെ പാത ക്രമീകരിച്ചിട്ടുള്ളത്.
തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡ് വഴി ഭക്തരുടെ മടക്കയാത്ര സാധ്യമാക്കും. ഈ സമയം ഇതുവഴിയുള്ള ട്രാക്ടര്‍ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിക്കില്ല. യാത്ര ഒറ്റദിശയിലേക്ക് ക്രമീകരിക്കും.
രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്. കൂടുതല്‍ പോലീസിനെ എത്തിക്കേണ്ടി വന്നാല്‍ അതിനായുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌തെത്തുന്ന ഭക്തരടക്കം ഒന്നരലക്ഷത്തിനടുത്ത് ആളുകള്‍ മകരവിളക്കാഘോഷത്തിനായി സന്നിധാനത്ത് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഈ തിരക്ക് മുന്നില്‍ കണ്ടാണ് ഭക്തരുടെ മടക്കത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകരവിളക്ക് ദിവസം ഉച്ചയ്ക്ക് 12 ന് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.