തിരമാലകള്‍ പോലെ ആര്‍ത്തലച്ച ഭക്തജന ലക്ഷങ്ങളുടെ പ്രാര്‍ഥനാനിര്‍ഭരമായ കൂപ്പുകൈകള്‍ക്കുമേല്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ന് മകരവിളക്ക് തെളിഞ്ഞതോടെ ദര്‍ശന സായൂജ്യത്തിന്റെ നിര്‍വൃതിയില്‍ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി. പിന്നീട്, രണ്ട് വട്ടം കൂടി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതോടെ വ്രതനിഷ്ഠയില്‍ തപം ചെയ്ത മനസ്സുമായി മല കയറിയെത്തിയ അയ്യപ്പ ഭക്തര്‍ക്ക് പ്രാര്‍ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷം.

പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍നിന്നെത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് വൈകീട്ട് ആറ് മണിയോടെ ശരംകുത്തിയില്‍വെച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികള്‍ വന്‍ വരവേല്‍പ് നല്‍കി സന്നിധാനത്തേക്ക് ആനയിച്ചു.
കൊടിമര ചുവട്ടില്‍വെച്ച് തിരുവാഭരണപ്പെട്ടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, അഡ്വ. കെ.യു. ജെനീഷ് കുമാര്‍ എം.എല്‍ എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, സെക്രട്ടറി എസ്. ഗായത്രി ദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു, ശബരിമല എഡിഎം പി വിഷ്ണു രാജ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിച്ചു. ശ്രീകോവിലില്‍ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിച്ച് തിരുവാഭരണ ങ്ങള്‍ അയ്യപ്പന് ചാര്‍ത്തി. തുടര്‍ന്ന് മഹാദീപാരാധന കഴിഞ്ഞയുടനാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് മൂന്ന് പ്രാവശ്യം പ്രത്യക്ഷമായത്. ജനസമുദ്രമായിത്തീര്‍ന്ന ശബരിമല ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തെ വ്യൂപോയിന്റുകളായ പാണ്ടിത്താവളം, നൂറ്റെട്ട് പടി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രക്കളം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ഭക്തരാണ് ദിവസങ്ങളായി തമ്പടിച്ചിരുന്നത്.

മകരജ്യോതി ദര്‍ശന ശേഷം അയ്യപ്പഭക്തരുടെ മലയിറക്കത്തിനായി പാണ്ടിത്താവളത്തു നിന്നും സമീപ ഇടങ്ങളില്‍ നിന്നുമായി രണ്ട് പാതകള്‍ പോലീസ് ക്രമീകരിച്ചിരുന്നു. ഈ സമയം ഇതുവഴിയുള്ള ട്രാക്ടര്‍ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിച്ചില്ല. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചത്.
മകരവിളക്ക് ദര്‍ശനത്തിനു ശേഷം മടങ്ങുന്ന അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി 1000 അധിക സര്‍വീസുകള്‍ നടത്തി. നിലവിലെ സര്‍വീസുകള്‍ക്ക് പുറമേയാണ് ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരുടെ യാത്രാക്ലേശമൊഴിവാക്കാനുള്ള നടപടി. ദീര്‍ഘദൂര സര്‍വീസിന് 795 ബസും പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 205 ബസുമാണ് ഏര്‍പ്പെടുത്തിയത്.