ആലപ്പുഴ: കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം പുതിയ അനുഭവമല്ല. പക്ഷേ ഇത്തവണത്തെ വെളളപ്പൊക്കം അവരുടെ പ്രതീക്ഷയ്ക്കുമപ്പുറമായിരുന്നു. പ്രളയം അവസാനിച്ച് ദിവസങ്ങളായെങ്കിലും വീടുകളിലേക്ക് മടങ്ങിപ്പോകാൻ പലർക്കുമായിട്ടില്ല. വിദ്യാർഥികളുടെ കാര്യമാണ് ഏറെ ദുഷ്‌കരം. പഠനം മുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ ഇതൊന്നും വക വയ്ക്കാതെ പ്രളയത്തെ വെല്ലുവിളിച്ച് പഠിക്കുകയാണ് കൈനകരിയിലെ വിദ്യാർഥികൾ. പ്രളയം പോലും ഇവരുടെ ചങ്കുറപ്പിന് മുന്നിൽ തോറ്റുപിന്മാറി. പാടശേഖരത്തിൽ മട വീണത് മൂലം കഴിഞ്ഞ ഒന്നര മാസക്കാലമായി വെള്ളത്തിനടിയിലായ കെനകരി കുട്ടമംഗലം എസ്.എൻ.ഡി.പി. ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് ക്ലാസ് മുടങ്ങാതിരിക്കാൻ താൽക്കാലികമായി ഉയർന്ന കെട്ടിടത്തിലേക്ക് ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നത്.
സ്‌കൂൾ മാനേജ്മന്റ്, അദ്ധ്യാപകർ, പി.ടി.എ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ താൽകാലിക പഠനം.
കൈനകരി നോർത്ത് വലിയതുരുത്ത് പാടശേഖരത്തിന് സമീപമാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇവിടെയുള്ള മട പൊട്ടിയതിനെതുടർന്ന് കഴിഞ്ഞ ഒന്നര മാസക്കാലമായി സ്‌കൂൾ വെള്ളത്തിലാണ്.സ്‌കൂളിലെ ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ക്ലാസ് റൂമുകൾ തുടങ്ങീ എല്ലായിടത്തും രണ്ടര അരയോളം വെള്ളം കയറിയിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളാണ് താൽകാലികമായി സജ്ജീകരിച്ചിരിക്കുന്ന ഉയർന്ന കെട്ടിടത്തിൽ പുരോഗമിക്കുന്നത്. വീടുകളിൽ വെള്ളം ഇറങ്ങാത്തതിനാൽ ക്യാമ്പുകളിൽ നിന്നാണ് കുട്ടികൾ ഈ താൽകാലിക കേന്ദ്രത്തിലേക്കു പഠനത്തിനായി എത്തുന്നത്. സ്‌കൂളിലെ 148 വിദ്യാർത്ഥികൾക്കും അവരുടെ യൂണിഫോമും, പുസ്തകങ്ങളും, നോട്ട്ബുക്കുകളും മറ്റു അവശ്യ സാധനങ്ങളുമെല്ലാം പ്രളയത്തിൽ നഷ്ടപ്പെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി കഴിഞ്ഞ 31നു തന്നെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, എഡ്യൂക്കേഷണൽ ഓഫീസർ എന്നിവർക്ക് സ്‌കൂൾ അധികാരികൾ നിവേദനം നൽകിയിട്ടുമുണ്ട്.മോട്ടോർ ഉപയോഗിച്ച വെള്ളം വറ്റിക്കുന്ന മുറക്ക് ഇവിടെ ക്ലാസുകൾ പുനസ്ഥാപിക്കുമെന്നും അതുവരെ താത്കാലിക കെട്ടിടത്തിൽ ക്ലാസുകൾ നടത്തുമെന്നും സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ രഞ്ജിത് ബാബു പറഞ്ഞു.
