ശബരിമലയിലെ പ്രധാനമാണ് മെറൂണ്‍ യൂണിഫോമില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവിശുദ്ധിസേന. വലിയ നടപ്പന്തലിലും, പമ്പയിലും, മരക്കൂട്ടത്തും അപ്പാച്ചി മേട്ടിലും, സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഈ ചെറുസംഘങ്ങള്‍ ഭക്തര്‍ക്ക് ശുചിത്വ ബോധമുണര്‍ത്തുന്ന കാഴ്ച കൂടിയാണ്. തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചു നല്‍കിയിരിക്കുന്ന സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ ട്രെയിലറുകള്‍ നിറയെ വാരിക്കൂട്ടൂന്ന ഈ സംഘങ്ങള്‍ക്ക് അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യം.
ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ്. 1995ല്‍ രൂപീകൃതമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് കീഴിലാണ് വിശുദ്ധി സേനാഗംങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്‌നാട് അയ്യപ്പസംഘം മുഖേനയാണ്വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്.
ഈ വര്‍ഷം 1000വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. സന്നിധാനത്ത് മാത്രം 305 പേരാണ് ശുചീകരണത്തിനായുള്ളത്. പമ്പയില്‍ 300 പേരും നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 350 പേരുമാണുള്ളത്. പന്തളത്തും കുളനടയിലും ഇവരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്.