ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമങ്ങള്‍ ദത്തെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കുന്ന പദ്ധതിയായ നവജ ഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന ശില്പശാല പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ കരട് മാര്‍ഗ്ഗരേഖയുടെയും ആക്ഷന്‍ പ്ലാനിന്റെയും പ്രകാശനവും ചടങ്ങില്‍ വെച്ച് അവര്‍ നിര്‍വഹിച്ചു.
കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഗ്രാമം ദത്തെടുക്കുന്ന സാഗി പദ്ധതിക്ക് സമാനമായാണ് ജില്ലാ പഞ്ചായത്ത് നവജ ഗ്രാമ പദ്ധതി എന്ന പേരില്‍ 101 ഗ്രാമങ്ങള്‍ ദത്തെടുക്കുന്നത്. ഈ 101 ഗ്രാമങ്ങളിലും ബഹുജന പങ്കാളിത്തത്തോട് കൂടിയ സമഗ്ര വികസന കാഴ്ച്ചപ്പാടിനാണ് തുടക്കം കുറിക്കുക.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ സറീനാ ഹസീബ് , എന്‍.എ.കരീം , നസീബ അസീസ് , ആലിപ്പറ്റ ജമീല, ബ്ലോക്ക്, ഗ്രാമ. പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികളായ അബ്ദുല്‍ കരീം, അബ്ദുല്‍ കലാം മാസ്റ്റര്‍, അഡ്വ. പി.വി. മനാഫ്, അഡ്വ. പി.പി. മോഹന്‍ദാസ്, പി.കെ.സി അബ്ദുറഹ്മാന്‍, എ.പി. ഉണ്ണികൃഷ്ണന്‍, കെ.ടി. അജ്മല്‍, എ.കെ. സുബൈര്‍, സമീറ പുളിക്കല്‍, ടി.പി. ഹാരിസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. നവജ ഗ്രാമം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും നവജ പ്രോജക്ട് കണ്‍വീനറുമായ വി.കെ.എം. ഷാഫി നന്ദി പറഞ്ഞു.

വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരായ ദാരിദ്ര ലഘൂകരണം , എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓഫീസര്‍ വിജയകുമാര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ രജി, വ്യവസായ വകുപ്പ് ജില്ലാ അസി. ഓഫീസര്‍ ലതിക, അഗ്രികള്‍ച്ചര്‍ എ.എക്‌സ്.ഇ സന്തോഷ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ക്കു വേണ്ടി നാന്‍സി, നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍, മുന്‍ കെ.എസ്.എസ്.എം. കോര്‍ഡിനേറ്റര്‍ കൈരളി, ജെ.എസ്.എസ് ഡയറക്ടര്‍ ഉമ്മര്‍കോയ എന്നിവര്‍ നവജഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന വിവിധ സ്‌കീമുകളെ കുറിച്ച് ക്ലാസെടുത്തു. ജനുവരി 24 നകം നവജ ഗ്രാമങ്ങളില്‍ വികസന സമിതികള്‍ രൂപീകരിച്ച് ഫെബ്രുവരി 15 നകം നവജ ഗ്രാമസഭകള്‍ ചേരുവാനും ഫെബ്രുവരി 28 നകം വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുവാനും ശില്‍പശാല നിര്‍ദ്ദേശങ്ങള്‍ നല്‍കി.