പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ പത്ത് ദിവസം നീളുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനവും അവതരണവും സംഘടിപ്പിക്കുന്നു. പ്രദര്‍ശനത്തിന്റെ ഫ്‌ളാഗ് ഓഫ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് (ജനുവരി 20) ഉച്ചയ്ക്ക് രണ്ടിന് വണ്ടിത്താവളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി, വിള ഇന്‍ഷുറന്‍സ്, ഞങ്ങളും കൃഷിയിലേക്ക്, ഗോവര്‍ധിനി, ബഡ്‌സ് സ്‌നേഹഭവനം, എന്നിങ്ങനെയുളള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ലഹരിക്കടിമപ്പെടല്‍, മെന്‍സ്ട്രല്‍ കപ്പ്   തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുളള ബോധവത്ക്കരണവും ഉള്‍ക്കൊള്ളിച്ചുളള നൂറോളം മൂവിങ് പോസ്റ്ററുകളുടെയും ലഘു വീഡിയോകളുടെയും പ്രദര്‍ശനമാണ് നടക്കുക.
വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും ശിശു സംരക്ഷണത്തിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച്  അവബോധം സൃഷ്ടിക്കുന്നതിനായുള്ള പോസ്റ്ററുകളുടെ പ്രദര്‍ശനവും ഇതോടൊപ്പം ഉണ്ടായിരിക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ട് വരെ  മണ്ഡലാടിസ്ഥാനത്തില്‍ അന്‍പതോളം കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം നടക്കുക.

വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ജനങ്ങളിലൊരാളായി അവതരിപ്പിക്കുന്ന കലാസംഘവും

വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ജനങ്ങളിലൊരാളായി അവതരിപ്പിച്ചുകൊണ്ട് രാജേഷ് കലാഭവന്റെയും നവീന്‍ പാലക്കാടിന്റെയും നേതൃത്വത്തില്‍  ആര്‍.എന്‍ ആര്‍ട്‌സ് ഹബ്ബ് കലാസംഘവും ഡിജിറ്റല്‍ വാഹനപ്രദര്‍ശനത്തെ അനുഗമിക്കും. ഉദാഹരണത്തിന് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം ലഹരിക്കടിമപ്പെട്ടയാള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവതരണമാണെന്ന് തോന്നാത്തവിധം അവതരിപ്പിക്കുകയും തുടര്‍ന്ന് ദൂഷ്യവശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ബോധവത്ക്കരിക്കുകയും ചെയ്യുന്ന രീതിയിലാണ് അവതരണം നടത്തുക.

ഡിജിറ്റല്‍ വാഹനം പര്യടനം ഇന്ന് (ജനുവരി 20

ചിറ്റൂര്‍ അണിക്കോട് – രാവിലെ 9.30 ന്
മീനാക്ഷിപുരം- രാവിലെ 11.30 ന്
വണ്ടിത്താവളം – ഉച്ചയ്ക്ക് രണ്ടിന്
കൊഴിഞ്ഞാമ്പാറ – വൈകിട്ട് നാലിന്
മേനോന്‍പാറ – വൈകിട്ട് ആറിന്