ഗുരുതരമായ ഭിന്നശേഷിയുള്ള വീൽ ചെയർ റൈഡർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഗുരുതരമായ ഭിന്നശേഷിയുള്ളവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനം ഓൾ കേരള വീൽ ചെയർ റൈഡേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുടെ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയെ സന്ദർശിക്കാനെത്തിയ അസോസിയേഷൻ ഭാരവാഹികൾക്ക് സൗകര്യപ്രദമായ വിധത്തിൽ മന്ത്രിയുടെ ഓഫീസിരിക്കുന്ന സെക്രട്ടേറിയറ്റ് അനക്‌സിന്റെ മുന്നിൽ മന്ത്രി നേരിട്ടെത്തി നിവേദനം സ്വീകരിക്കുകയായിരുന്നു.
റോഡുകളും ഫുട്പാത്തുകളും ഓഫീസുകളും വീൽ ചെയർ ഫ്രണ്ട്‌ലിയാക്കുക, ഹോട്ടലുകളിൽ വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് പരസഹായമില്ലാതെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള ബാത്ത് റൂം സംവിധാനങ്ങളൊരുക്കുക, പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകുമ്പോൾ വീൽചെയർ ഉപയോഗിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പു വരുത്തുന്ന വിധത്തിൽ കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുക, ഗുരുതരമായ അവസ്ഥയിലുള്ള അംഗപരിമിതർക്ക് പുനരധിവാസ പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
കെട്ടിട നിർമാണ ചട്ടം ഭേദഗതി ചെയ്യുമ്പോൾ അംഗപരിമിതരുടെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും പുനരധിവാസ പാക്കേജ് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യങ്ങളിൽ വകുപ്പിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സന്തോഷ് മാളിയേക്കലിനും ജനറൽ സെക്രട്ടറി ജോമി ജോണിനും മന്ത്രി ഉറപ്പുനൽകി.