* ശിശു സൗഹൃദ പോലീസ് സ്‌റ്റേഷനുകൾക്ക് തുടക്കമായി
പോലീസിന്റെ മുഖത്തിന് വലിയൊരു മാറ്റമുണ്ടാകുന്നതിന്റെ ഭാഗമാണ് ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രാജ്യത്തിന് മാതൃകയായി ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ സംസ്ഥാനത്ത് തുടക്കമായതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് ഏതൊരു മുഖത്തിലാണോ ജനങ്ങളുടെ മുന്നിൽ നിൽക്കേണ്ടത് ആ മുഖം സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണിതെല്ലാം. പോലീസ് സ്‌റ്റേഷൻ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിൽ ഉണ്ടാകുന്ന വികാരം മാറ്റാൻ ഇതിലൂടെ കഴിയും.
കുട്ടികൾക്ക് സന്തോഷത്തിന് വകനൽകുന്ന ഒട്ടേറെ കാര്യങ്ങളുണ്ടിവിടെ. അതിനാൽ ആശങ്കയില്ലാതെ സ്‌റ്റേഷനിൽ വരാനും അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും കഴിയുന്ന സാഹചര്യം ഉയർന്നുവരും. എല്ലാ പോലീസ് സ്‌റ്റേഷനിലും വനിതാ സാന്നിധ്യം ഇപ്പോൾ നല്ലതുപോലെയുണ്ട്. നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഏതെങ്കിലും ഘട്ടത്തിൽ പോലീസിൽ പരാതി സമർപ്പിക്കേണ്ട സന്ദർഭങ്ങളുണ്ടായി സ്‌റ്റേഷനിൽ എത്തിയാൽ മനസുതുറന്ന് സംസാരിക്കാനുള്ള സാഹചര്യമുണ്ടാവും. ജനമൈത്രീ പോലീസാണ് നമ്മൾ സംസ്ഥാനത്താകെ ഉദ്ദേശിക്കുന്നത്. ജനങ്ങളോട് മൃദുവായും സൗഹാർദ്ദപരമായും ഇടപെടുകയാണ് പൊതുജനങ്ങൾ ആഗ്രഹിക്കുന്നത്. അല്ലാത്ത പ്രവണതകൾ അവസാനിപ്പിക്കാൻ പോലീസ് തന്നെ ബോധപൂർവം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുരുന്നുകൾ ചുറ്റും കൂടിയതോടെ എല്ലാവർക്കും ഷേക് ഹാൻറ് നൽകിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. ഉദ്ഘാടനം നിർവഹിച്ച ശേഷം അങ്കണത്തിൽ പ്രത്യേകമായി മരച്ചുവട്ടിൽ ഒരുക്കിയ മണലിൽ എഴുതുന്ന സ്ഥലത്ത് കുട്ടികളെ കൈപിടിച്ച് എഴുതിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, ഐ.ജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ്, ഡി.സി.പി ജയ്‌ദേവ് ജി തുടങ്ങിയവർ സംബന്ധിച്ചു.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ ആറു പോലീസ് സ്റ്റേഷനുകളിലാണ്  പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ഫോർട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂർ ഈസ്റ്റ്, കോഴിക്കോട് ടൗൺ, കണ്ണൂർ ടൗൺ തുടങ്ങിയ പോലീസ് സ്റ്റേഷനുകളാണിവ.