നഴ്‌സറി സ്‌കൂളുകളിലും പാർക്കുകളിലുമുള്ളതിന് സമാനമായ അന്തരീക്ഷവുമായാണ് ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനുകൾ കുരുന്നുകളെ വരവേൽക്കുന്നത്. മായാവിയും ഛോട്ടാ ഭീമും ഡോറയും മിക്കി മൗസും ഉൾപ്പെടെ പ്രിയ കാർട്ടൂൺ കൂട്ടുകാരുടെ ചിത്രങ്ങളും കളിക്കോപ്പുകളുമാണ് പുതിയ ശിശു സൗഹൃദ സ്‌റ്റേഷനുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ കുരുന്നുകൾതന്നെ ഫോർട്ട് പോലീസ് സ്‌റ്റേഷൻ അങ്കണത്തിലൊരുക്കിയ പുതിയ സീ-സോയിലും സ്‌ലൈഡിലും ഊഞ്ഞാലിലും ഒക്കെ കയറാനും കളിക്കാനും മൽസരമായിരുന്നു. പുതുതായി സ്‌റ്റേഷൻ പരിസരത്ത് നിർമിച്ച ശിശു സൗഹൃദ ജനമൈത്രീ കേന്ദ്രവും വർണാഭവും ആകർഷകവുമായിരുന്നു.
കാഴ്ചയിലും നിറപ്പകിട്ടിലും മാത്രമല്ല, ഗൗരവത്തിലും കുട്ടികളുടെ പ്രശ്‌നങ്ങൾ അറിയാനും അതിനനുസരിച്ച് പെരുമാറാനുമുള്ള മാറ്റമാണ് ഇത്തരം സ്‌റ്റേഷനുകളിലെന്നതാണ് പ്രത്യേകത.
കുട്ടികൾ വാത്സല്യത്തിന്റെയും പരിചരണത്തിന്റെയും സംരക്ഷണത്തിന്റെതുമായ അന്തരീക്ഷത്തിൽ വളർന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കേരള പോലീസ് വിഭാവനം ചെയ്ത നൂതന പദ്ധതിയാണ് ചിൽഡ്രൻ ആന്റ് പോലീസ് (ക്യാപ് -CAP). കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ട മുഴുവൻ സർക്കാർ/സർക്കാരിതര ഏജൻസികളുടെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ചുകൊണ്ടായിരിക്കും ഓരോ സ്റ്റേഷന്റെയും പ്രവർത്തനം.
ജുവനൈൽ ജസ്റ്റീസ് ആക്ട്, പോക്‌സോ ആക്ട് തുടങ്ങിയ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള മുഴുവൻ നിയമങ്ങളും കർശനമായി നടപ്പാക്കാൻ ക്യാപ്”സ്റ്റേഷനുകളിൽ പ്രത്യേക നടപടി സ്വീകരിക്കും.  കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ പെട്ടെന്ന് രജിസ്റ്റർ ചെയ്യുന്നതിനും മാതൃകാപരമായ നടപടികൾ ധൃതഗതിയിൽ ഉറപ്പാക്കുന്നതിനും നടപടിയുണ്ടാകും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെയും നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെടുകയോ  മറ്റു രീതിയിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുകയോ ചെയ്യുന്ന മുഴുവൻ കുട്ടികളെയും സ്റ്റേഷൻ അടിസ്ഥാനത്തിൽ കണ്ടെത്തുന്നതിനും അവർക്ക് ജീവിതത്തിൽ വിജയിക്കുന്നതിന് ആവശ്യമായ പദ്ധതികളാവിഷ്‌കരിക്കുന്നതിനും ക്യാപ്”മുൻകൈയെടുക്കും.
തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ ശിശു സൗഹാർദ്ദപര അന്തരീക്ഷമൊരുക്കാൻ കുട്ടികളുമായി സംവദിക്കുന്നതിന് പ്രത്യേക മുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യൂണിസെഫിന്റെ സഹായത്തോടെ ‘ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ’” പദ്ധതിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത സ്റ്റേഷനുകളിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും പരിശീലനവും നൽകിയിട്ടുണ്ട്.
പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഓരോ സ്റ്റേഷനുകളിലും ഒരു ചൈൽഡ് വെൽഫെയർ ഓഫീസറുടെ സേവനം ഉണ്ടാകും. ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ അടക്കമുള്ള “ക്യാപ്” -ന്റെ പ്രവർത്തനങ്ങളുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ കൊച്ചിൻ റേഞ്ച് ഐ.ജി. പി.വിജയനാണ്.