ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങൾക്ക് ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസിന്റെ (GEx Kerala 2023) ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്‌നപരിഹാരത്തിനുള്ള ആശയങ്ങൾ രൂപപ്പെടുത്തുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ ഫെബ്രുവരി അഞ്ചിനകം ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ അവസരം നൽകും. ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും നൽകും.
ആശയങ്ങളിലെ പുതുമയും ആഴവും, ആവിഷ്‌കരണത്തിലുള്ള അവധാനത, പ്രാവർത്തികമാക്കുന്നതിലുള്ള സാധ്യതകൾ, പ്രായോഗികത, ഭാവിയിലെ സാധ്യതകൾ, വാണിജ്യമൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധരുടെ പാനലായിരിക്കും വിധി നിർണ്ണയിക്കുന്നത്. ഹാക്കത്തോണിൽ പങ്കെടുക്കാൻ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27. രജിസ്‌ട്രേഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: www.suchitwamission.org.