പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് വിവിധ വകുപ്പുകൾ നൽകുന്ന സഹായങ്ങൾ ഫലപ്രദമായും കാലതാമസം കൂടാതെയും വിതരണം ചെയ്യണമെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ ദേവസ്വം പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. എളനാട് തിരുമണി കോളനിയിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയുടെ ഭാഗമായിട്ട് ഉള്ള പ്രത്യേക ഊരുകൂട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കൽ ക്യാമ്പ്, തരിശുഭൂമിയിൽ കൂവകൃഷി, മൂല്യവർദ്ധിത ഉത്പന്ന നിർമാണ പരിശീലനം, വീട് നവീകരണം, കുടിവെള്ള പദ്ധതി നവീകരണം, കമ്മ്യൂണിറ്റി ഹാളിന് ചുറ്റുമതിൽ, റോഡ് എന്നീ നിർദേശങ്ങൾ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി വഴി നടപ്പിലാക്കാൻ ഊരുകൂട്ടത്തിൽ നിർദേശമുണ്ടായി.തിരുമണി കോളനിയിൽ നടപ്പാക്കുന്ന പദ്ധതി 40 കുടുംബങ്ങൾക്ക് പ്രയോജനകരമാകും. അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കിയാണ് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ് അധ്യക്ഷനായി. ലത സാനു, ബിഡിഒ എ ഗണേഷ്, ഊരുമൂപ്പൻ ഷാജി തിരുമണി, വാർഡ് മെമ്പർ നീതു ഷൈജു, പഞ്ചായത്ത് സെക്രട്ടറി അംബിക തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫിസർ ഷമീന എം സ്വാഗതവും ട്രൈബൽ പ്രമോട്ടർ ജാസ്മി കെ നന്ദിയും രേഖപ്പെടുത്തി.