കാക്കനാട്:  പ്രളയനാളുകളിലെ സഹായ അഭ്യര്‍ത്ഥനകള്‍ മുതല്‍ നവകേരള സൃഷ്ടിക്കായുള്ള വിവിധ പടവുകളില്‍ ശക്തമായ സാന്നിദ്ധ്യമാവുകയാണ് സംസ്ഥാന ഐ.ടി മിഷന്‍. ദുരന്തനാളുകളില്‍ മിഷന്‍ തയ്യാറാക്കിയ keralarescue.in എന്ന വെബ് സൈറ്റ് രക്ഷാ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമവും കൃത്യതയും  ഉള്ളതാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
പ്രളയത്തില്‍ കുടുങ്ങിപോയവരുടെ കൃത്യമായ സ്ഥാനങ്ങള്‍ ജിയോ ടാഗ് പോലുള്ള സാങ്കേതിക വിദ്യകളിലൂടെ ശേഖരിച്ച് വിവിധ രക്ഷാപ്രവര്‍ത്തക സംഘങ്ങളെ അവിടങ്ങളിലെത്തിക്കുവാനും സാധിച്ചു. വെബ് സൈറ്റിനെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ഒരു വേദിയാക്കി മാറ്റാന്‍ ഐ.ടി മിഷന് സാധിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവനത്തിന് തയ്യാറായവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം. കാണാതാവരെ തിരയുന്നതിനുള്ള സംവിധാനം, വിവിധ ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍, വിവിധ ജില്ലകളുടെ ആവശ്യങ്ങള്‍, വിവിധ സ്ഥലങ്ങളില്‍ ആവശ്യമായ സഹായം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ചിട്ടയോടെയും കൃത്യതയോടെയും ലഭ്യമാക്കുന്നതായിരുന്നു keralarescue.in എന്ന വെബ് സൈറ്റ്.
എറണാകുളം ജില്ലയില്‍ മാത്രം ഐ.ടി മിഷന്റെ സൈറ്റിലൂടെ സന്നദ്ധ സേവനത്തിനായി റെജിസ്റ്റര്‍ ചെയ്യപ്പെട്ടവരുടെ എണ്ണം 7053 ആണ്. കിറ്റ് നിര്‍മ്മാണ കേന്ദ്രങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലും ധനസഹായ വിതരണത്തിനുള്ള വിവര ശേഖരണ പ്രക്രിയയിലുമെല്ലാം ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവരുടെ കാര്യക്ഷമമായ വിന്യാസം സാധ്യമായി.ഇതിന് പുറമേ വിവിധ സന്നദ്ധ സംഘടനകളെകുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമായിരുന്നു.
 റെസ്‌ക്യൂ കേരളയുടെ വിജയത്തിന് ശേഷമാണ് ഐ.ടി വകുപ്പ് നവകേരള നിര്‍മ്മിതി മുന്നില്‍കണ്ട് rebuild.kerala.gov.in എന്ന സൈറ്റ് ആരംഭിച്ചത്. സഹായ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് സംസ്ഥാനത്ത് എത്തിയ അവശ്യവസ്തുക്കളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനായി കേരള റിലീഫ് മെറ്റീരിയല്‍ സപ്ലൈ ചെയിന്‍ എന്ന പോര്‍ട്ടലും ഐ.ടി മിഷന്‍ തയ്യാറാക്കിയിരിക്കുന്നു. ഇതിലൂടെ വിവിധ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളിലുള്ള അവശ്യവസ്തുക്കളുടെ വിവരം ദുരന്ത ബാധിതര്‍ക്കായി കിറ്റുകള്‍ തയ്യാറാക്കുന്ന കേന്ദ്രങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. വിവിധ വസ്തുക്കള്‍ ഈ കേന്ദ്രങ്ങളില്‍  ആവശ്യമനുസരിച്ച് ലഭ്യമാക്കാനും ജില്ലയില്‍ കൂടുതല്‍ ഉള്ള വസ്തുക്കള്‍ മറ്റ് ജില്ലകളിലേക്ക് കൈമാറാനും സാധിക്കുന്നു.
ഇതിന് പുറമേ പ്രളയത്തില്‍ നാശനഷ്ടം നേരിട്ട വീടുകളുടെ കണക്കെടുപ്പ് വേഗത്തിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി rebuildkerala എന്ന മൊബൈല്‍ ആപ്ലിക്കേഷനും മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പരിശീലനം നല്‍കി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കാണ് അതാത് മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല.