തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ ജില്ലാ അദാലത്തിൽ 60 അപേക്ഷകർ പങ്കെടുത്തു. ചാവക്കാട്, തൃശൂർ താലൂക്കുകളിലുളളവർക്കായാണ് അദാലത്ത് നടത്തിയത്. ഓൺലൈനായി ലഭിച്ച 48 പരാതികളും നേരിട്ട് എത്തിയ 12 പരാതികളുമാണ് അദാലത്തിൽ പരിഗണിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് ചികിത്സ ധനസഹായത്തിനായിരുന്നു. 40 അപേക്ഷകളാണ് ചികിത്സയ്ക്കായി ലഭിച്ചത്.

ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി) എന്നിവയാണ് സാന്ത്വന പദ്ധതി പ്രകാരം അപേക്ഷകർക്ക് ലഭിച്ചത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍, വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുള്ളവർ എന്നിവരായിരുന്നു അപേക്ഷകർ.

മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങള്‍ക്ക് 10,000 രൂപയുമാണ് ലഭിക്കുക. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന അദാലത്തിന് ജൂനിയർ എക്സിക്യൂട്ടിവ് നോർക്ക തൃശൂർ ഷീബ ഷാജി, എറണാകുളം അസിസ്റ്റന്റ് നോർക്ക റൂട്ട്സ് എം എച്ച് ഷറീന, തൃശൂർ അസിസ്റ്റന്റ് നോർക്ക റൂട്ട്സ് പി പി ബിന്ദു എന്നിവർ നേതൃത്വം നൽകി.