കായിക കേരളത്തിന് കുതിപ്പേകാൻ കുന്നംകുളം ഒരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക മത്സരങ്ങൾ നടത്തുന്നതിനും വേഗതയേറിയ കായിക താരങ്ങളെ കണ്ടെത്തുന്നതിനും കുന്നംകുളം സീനിയർ ഗ്രൗണ്ടും വോളിബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ മത്സരങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയവും തയ്യാറായി കഴിഞ്ഞു. സംസ്ഥാന കായിക വകുപ്പ് തുക അനുവദിച്ച് നിര്‍മ്മിക്കുന്ന ബോയ്സ് സ്കൂള്‍ പ്രാക്ടീസ് ഗ്രൗണ്ടിന്റെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്. എ സി മൊയ്‌തീൻ എംഎൽഎയുടെ താല്പര്യപ്രകാരമാണ് പദ്ധതികൾ കുന്നംകുളത്ത് നടപ്പിലാക്കുന്നത്.

കുന്നംകുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ റബ്ബർ ലെയറിങ്ങ് പ്രവർത്തി പൂർത്തീകരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തിയായ ഫുട്ബോൾ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് എന്ന സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തികൾ നിർവ്വഹിക്കുന്നത്. ലൈൻ മാർക്കിങ് പ്രവർത്തികളും കമ്പനിയാണ് നിർവ്വഹിച്ചത്.

ലൈൻ ട്രാക്കിന് പുറമേ ജെമ്പിങ് പിറ്റ്, പവലിയൻ എന്നിവയും പവലിയനു താഴെ ഡ്രസ്സിംങ്ങ് റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. 7 കോടി രൂപയാണ് സീനിയർ ഗ്രൗണ്ടിന്റെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ചത്. ഖേലാ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ദേശീയ അത്‌ലറ്റ് മത്സരങ്ങൾ നടത്തുംവിധം പദ്ധതികൾ ആവിഷ്കരിക്കുന്നത്. കൂടാതെ 450 പേർക്ക് ഇരിക്കാവുന്ന മനോഹരമായ ഗ്യാലറിയുടെ നിർമ്മാണവും പുരോഗമിക്കുന്നു. 50 ലക്ഷം രൂപയാണ് ഗ്യാലറി ബിൽഡിങ്ങിന് വിനിയോഗിക്കുന്നത്.

ഇൻഡോർ സ്റ്റേഡിയത്തിന്റെ നവീകരണപ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. ബോക്സിങ്ങ് സൗകര്യങ്ങൾ, ഇന്റീരിയർ പെയ്ന്റിങ്ങ്, പെൺകുട്ടികളുടെ ടോയ്ലെറ്റ് തുടങ്ങീ പ്രവൃത്തികൾ പൂർത്തീകരിച്ചു.

കാലങ്ങളായി ഡ്രൈവിങ്ങ് ടെസ്റ്റ്ന് മാത്രമായി ഉപയോഗിച്ച് വന്നിരുന്ന ഗ്രൗണ്ട് ഇന്ന് ഗവ. ബോയ്സ് സ്കൂൾ വിദ്യാർത്ഥികളുടെ പ്രാക്ടീസ് ഗ്രൗണ്ടായി മാറുകയാണ്. ഇതിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. 35 ലക്ഷം രൂപയാണ് പ്രാക്ടീസ് ഗ്രൗണ്ടിന്റെ വികസന വിനിയോഗിക്കുന്നത്. മനോഹരമായ ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിച്ചു. ഇന്റർലോക്ക് പ്രവർത്തികൾ പുരോഗമിക്കുകയാണ്. നീന്തൽക്കുളം നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

മധ്യകേരളത്തിലെ കായിക കുതിപ്പിന് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം ആസ്ഥാനമാക്കി ആരംഭിച്ച സ്പോര്‍ട്സ് ഡിവിഷനും കായിക വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാണ്. കായിക വിദ്യാർത്ഥികൾക്ക് റസിഡന്‍ഷ്യലായി സമഗ്ര കായിക പരിശീലനം നല്‍കാവുന്ന സംവിധാനമാണ് കുന്നംകുളത്ത് സ്പോര്‍ട്സ് ഡിവിഷനില്‍ സജ്ജമാക്കിയിട്ടുള്ളത്. കുന്നംകുളം ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച തൃശ്ശൂര്‍ സ്പോര്‍ട്സ് ഡിവിഷന്റെ പദ്ധതി കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഏഴ്, എട്ട് ക്ലാസ്സുകളിലായി 30 വീതം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് പ്രഥമ ഡിവിഷന്‍ ആരംഭിച്ചു. ഇതിനാവശ്യമായ പരിശീലകരേയും, ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്. കായിക ഉപകരണങ്ങളും സ്പോര്‍ട്സ് കിറ്റും തയ്യാറാക്കിയാണ് പരിശീലനം.