*ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്ക് സംവരണം*
കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്മെന്‍റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി രാജ്യത്ത് ആദ്യമായാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഹിന്ദുക്കളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് നിയമനം ഇല്ല. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുളള 18 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ് ഇപ്പോള്‍ അനുവദിച്ചിട്ടുളളത്. ഈ 18 ശതമാനത്തില്‍ നിന്ന് 10 ശതമാനം തസ്തികകള്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യാനാണ് തീരുമാനം. ഈഴവ സമുദായത്തിന് ഇപ്പോഴുളള സംവരണം 14 ശതമാനത്തില്‍നിന്ന് 17 ശതമാനമായി വര്‍ധിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‍റെ സംവരണം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയരും. ഈഴവ ഒഴികെയുളള ഒബിസി സംവരണം 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി വര്‍ധിക്കും. ഈ തീരുമാനം നടപ്പാക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്‍റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതാണ്.
*ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി*
ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പിലെ ഡോകടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56-ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60-ല്‍ നിന്ന 62 വയസ്സായി വര്‍ധിപ്പിക്കും. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചത്. മിക്കവാറും ഇതര സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കേരളത്തിലേക്കാള്‍ ഉയര്‍ന്നതാണ്. ബീഹാര്‍ 67, ആന്ധ്രാപ്രദേശ് 58, തെലുങ്കാന 60, മഹാരാഷ്ട്ര 60, കര്‍ണാടക 60, തമിഴ്നാട് 58, ഗുജറാത്ത് 62, ഉത്തര്‍പ്രദേശ് 62 ഇവിടങ്ങളില്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഇതിലും ഉയര്‍ന്നതാണ്.
*ശ്രീനാരായണ ഗുരുവിന് തിരുവനന്തപുരത്ത് പ്രതിമ*
അന്ധകാരപൂര്‍ണമായ സാമൂഹ്യാവസ്ഥയില്‍നിന്ന് കേരളത്തെ നവോത്ഥാന വെളിച്ചത്തിലേക്ക് നയിച്ച സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ പ്രമുഖനായ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഗുരുവിന്‍റെ വിഖ്യാതമായ ജാതിയില്ലാ വിളംബരത്തിന്‍റെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് പ്രതിമ സ്ഥാപിക്കുന്നത്. അനുയോജ്യമായ സ്ഥലം കണ്ടെത്താനും ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ കണ്‍വീനറും സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അംഗവുമായി സമിതിയെ നിയോഗിച്ചു. ഒരു മാസത്തിനകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കേരളീയ നവോത്ഥാനത്തിന് നാന്ദി കുറിച്ച സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്‍റെ 125-ാം വാര്‍ഷികം ‘വിവേകാനന്ദ സ്പര്‍ശം’ എന്ന പേരില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 28 വരെ സാംസ്കാരിക വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളിൻമേൽ ജപ്തി നടപടികള്‍ക്ക് അനുവദിച്ച മൊറോട്ടോറിയം ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ഒരു മുഴുവന്‍ സമയ റോഡ് സുരക്ഷാ കമ്മീഷണറെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
*വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്*
സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. നിലവിലുളള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുളള ഒഴിവുകളായിരിക്കും പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യുക.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ കമ്മീഷനുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കമ്പ്യൂട്ടര്‍, ലാപ്ടോപ്പ,് പ്രിന്‍റര്‍, സ്കാനര്‍ തുടങ്ങിയ ഐടി ഉപകരണങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വരുന്നതുവരെ നിലവിലുളള രീതി തുടരും.
കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
ശബരിമല ഉത്സവ സീസണില്‍ സന്നിധാനത്ത് സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ് സേനാഗങ്ങള്‍ക്കും ക്യാമ്പ് ഫോളവര്‍മാര്‍ക്കും നല്‍കുന്ന ലഗേജ് അലവന്‍സ് 150 രൂപയില്‍നിന്ന് 200 രൂപയായി വര്‍ധിപ്പിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റും സിന്‍ഡിക്കേറ്റും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിലവിലുളള സെനറ്റിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും കാലാവധി കഴിഞ്ഞതിനാലും പുതിയ സമിതികള്‍ രൂപീകരിക്കാന്‍ കാലതാമസം ഉണ്ടാവും എന്നതിനാലുമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്.
സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ചതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകളും ഫ്ളാറ്റുകളും സുനാമി പദ്ധതിയിലെ ഗുണഭോക്താക്കളുടെ അഭാവത്തില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ അപേക്ഷിച്ച അര്‍ഹതയുളള കുടുംബങ്ങള്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതില്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.