കൊച്ചി: പ്രളയത്തില്‍ പാഠ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ആലുവസെറ്റില്മെന്റ് എല്‍.പി സ്കൂളില്‍ വച്ച് രാവിലെ പത്തിനു തന്നെ ഓരോ വിദ്യാലയങ്ങളിലേക്കുമുള്ള പാഠപുസ്തങ്ങള്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്കു കൈമാറും. ഇതിനു വേണ്ടിയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി ആലുവ അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍ ലിസ മാത്യു അറിയിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങള്‍ക്കുള്ള പുസ്തകങ്ങളാണ് ഇന്ന് കൈമാറുന്നത്. അണ് എയ്ഡഡ് മേഖലയിലെ നഷ്ടപ്പെട്ട പുസ്തകങ്ങളുടെ കണക്കുകള്‍ നല്കി കഴിഞ്ഞു. ഇവര്‍ക്ക് ജില്ലാ ഓഫീസില്‍ നിന്നും നേരിട്ട് പുസ്തകങ്ങള്‍ നല്‍കും.
പ്രളയക്കെടുതിയില്‍ ആലുവയില്‍ മാത്രം 30,000 പുസതകങ്ങളാണ് നഷ്ടപ്പെട്ടത്. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കണക്കാണിത്. പ്രളയത്തില്‍ വീടു തകര്‍ന്നും വീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയവര്ക്കുമാണ് പാഠപുസ്തങ്ങള്‍ നഷ്ടമായത്. ഇതിന്റെ വിവരശേഖരണം സ്കൂള്‍ തുറന്ന ആദ്യ ദിവസങ്ങളില്‍ തന്നെ അധ്യാപകര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ വിദ്യാര്തികള്ക്ക് പുസ്തകങ്ങള്‍ എത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു സര്‍ക്കാര്‍.
കെ.ബി.പി. എസ് പെട്ടെന്നു തന്നെ 20,000 പുസ്തകങ്ങള്‍ അച്ചടിച്ചു നല്കി. ബാക്കി പതിനായിരം പുസതകങ്ങള്‍ തൃപ്പൂണിത്തുറ, മട്ടാഞ്ചേരി , എറണാകുളം എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ചു. നേരെത്തെ അച്ചടിച്ച പുസ്തങ്ങള്‍ വിതരണത്തിനു ശേഷം ബാക്കി വന്നവയാണ് മറ്റു ഉപജില്ലകളില്‍ നിന്നും കൊണ്ടുവന്നത്. പുസ്തകങ്ങളോടൊപ്പം മഹീന്ദ്ര കമ്പനി നല്കുന്ന 10,000 നോട്ട് ബുക്കുകളും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. പ്രധാന അധ്യാപകരോ ചുമതലയുള്ളവരോ എത്തി പുസ്തകങ്ങള്‍ കൈപ്പറ്റണമെന്നും അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍ അറിയിച്ചു.