മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ ബാരിക്കേഡ് സ്ഥാപിക്കലും ശുചീകരണവും പുരോഗമിക്കുകയാണ്. രണ്ടു ദിവസത്തിനകം ഈ ജോലികള്‍ പൂര്‍ത്തിയാകും. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യാപാര മേള, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയവയുടെ ക്രമീകരണങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പൊടിശല്യം ഉണ്ടാകാത്ത രീതിയിലാണ് ക്രമീകരണം. ഹരിത മാര്‍ഗരേഖ പാലിച്ചായിരിക്കും ക്രമീകരണങ്ങള്‍.

സുരക്ഷയ്ക്കായി 1200 പോലീസുകാരെ വിന്യസിക്കും. ഫയര്‍ ഫോഴ്സിന്റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ടാകും. സ്‌കൂബാ ഡൈവര്‍മാരും 25 വാളന്റിയര്‍മാരും സ്ഥലത്തുണ്ടാകും. ഫയര്‍ എക്സ്റ്റിഗ്വിഷറുകളടക്കമുള്ള സജ്ജീകരണങ്ങളുണ്ടാകും. പ്രധാന എട്ട് പോയിന്റുകളില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കും. ദേവസ്വം ബോര്‍ഡിന്റെ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നേവിയുടെ സേവനവും ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സമീപത്തെ കിണറുകളുടെ ക്ലോറിനേഷന്‍ നടക്കുന്നുണ്ട്. മെഡിക്കല്‍ ടീമും ഉണ്ടാകും.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധനാ ലാബുകള്‍ ക്രമീകരിക്കും. ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി 210 അധിക സര്‍വീസുകള്‍ നടത്തും. തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ മണപ്പുറം സ്റ്റാന്‍ഡില്‍ നിന്നും പെരുമ്പാവൂര്‍, മുവാറ്റുപുഴ ഭാഗത്തേക്ക് ഗാന്ധി സ്‌ക്വയര്‍ സ്റ്റോപ്പില്‍ നിന്നും ചേര്‍ത്തല ഭാഗത്തേക്ക് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാകും സര്‍വീസ് ആരംഭിക്കുക.

ടാക്സി വാഹനങ്ങള്‍ അമിത കൂലി ഈടാക്കുന്നത് തടയുന്നതിനായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. 18 മുതല്‍ 19 വൈകിട്ട് വരെ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. 24 മണിക്കൂറും വൈദ്യുത വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്. ജനറേറ്ററുകളും സജ്ജീകരിച്ചു. ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പരിശോധിക്കാന്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും രംഗത്തിറങ്ങും.

ശിവരാത്രിയോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഭക്തര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.

ശിവരാത്രിയോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എക്സ്‌ക്യൂട്ടീവ് മജിസ്ട്രേറ്റായി ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യുവിനെ നിയോഗിച്ചു.

ആലുവ താലൂക്ക് ഓഫീസ് അനക്സ് ഹാളില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. കോവിഡ് ഭീതിയൊഴിഞ്ഞ ശേഷം നടക്കുന്ന ശിവരാത്രിയായതിനാല്‍ കൂടുതല്‍ ഭക്തര്‍ എത്താന്‍ സാധ്യതയുണ്ടെന്നും ഇതു കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. ആലുവ മണപ്പുറത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച(ഫെബ്രുവരി 16) വൈകിട്ട് സ്ഥലം സന്ദര്‍ശിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.