അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കും: മുഖ്യമന്ത്രി

റീജ്യണല്‍ ലബോറട്ടറികളുടെ വികസനത്തിനായി കൂടുതല്‍ ഫണ്ട് വിലയിരുത്തും

കാലിത്തീറ്റ ആക്ട് അന്തിമഘട്ടത്തില്‍


സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭ്യമാക്കുന്ന പാലിന്റെ ഭൗതിക-രാസ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വില നിയന്ത്രണം നടപ്പിലാക്കുന്നതിനുമായുള്ള കാലിത്തീറ്റ ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം, ആലത്തൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ലാബുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതല്‍ തുക കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ശുദ്ധവും ഗുണനിലവാരമുള്ളതുമായ പാല്‍ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി എന്‍എബിഎല്‍ (NABL) അക്രഡിറ്റേഷനോടുകൂടിയ സംസ്ഥാന ഡയറി ലാബിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനായി. പാല്‍, പാലുല്‍പന്നങ്ങള്‍, കാലിത്തീറ്റ എന്നിവയുടെ ഭൗതിക, രാസ, അണു ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള രാജ്യാന്തരസൗകര്യങ്ങള്‍ ലാബില്‍ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022 – 23 വാര്‍ഷിക ഫണ്ടില്‍ നിന്ന് 130 കോടി ക്ഷീരമേഖലയുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയുടെ അടുത്തെത്തി നില്‍ക്കുകയാണ് നമ്മുടെ സംസ്ഥാനം. അനേകായിരം കുടുംബങ്ങളുടെ വരുമാനമാര്‍ഗമാവാന്‍ ക്ഷീരമേഖലയ്ക്ക് സാധിച്ചു. നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കാണ് ക്ഷീരമേഖലയ്ക്കുള്ളത്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് അതിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ലിറ്ററിന് അഞ്ച് രൂപയിലധികം കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് അടുത്തകാലത്തായി പാല്‍വില വര്‍ധിപ്പിച്ചത്. ക്ഷീര സംഘങ്ങള്‍ക്ക് 35 പൈസയും ക്ഷേമ നിധിയിലേക്ക് 21 പൈസയും ഒരോ ലിറ്ററില്‍ നിന്ന് ലഭ്യമാക്കും. വര്‍ധിപ്പിച്ച തുകയുടെ 85 ശതമാനത്തോളം ക്ഷീര കര്‍ഷകര്‍ക്ക് ഇതുവഴി ലഭിക്കും. ഇതിനൊക്കെ ഇടയിലും, ക്ഷീരമേഖലയ്ക്കുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നത് മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പരിഷ്‌ക്കരിച്ച നികുതിഘടന കാരണം കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയ്ക്ക് വലിയ വില നല്‍കേണ്ടിവരുന്നു. കാലാവസ്ഥാ വ്യതിയാനം കന്നുകാലികളിലുണ്ടാക്കുന്ന രോഗങ്ങളും പ്രശ്‌നങ്ങളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോവാനുള്ള വഴികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ അതിനിടയിലുണ്ടായ പ്രളയവും കാലവര്‍ഷക്കെടുതിയും കോവിഡും ഉല്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലും അതിന്റെ അടുത്തെത്താന്‍ നമുക്ക് സാധിച്ചു.

2016ല്‍ സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി 16 ലക്ഷം പാല്‍ ദിനം പ്രതി സംഭരിച്ചരുന്ന സ്ഥാനത്ത് നിലവില്‍ 21 ലക്ഷം ലിറ്ററിലധികം പാല്‍ സംഭരിക്കാന്‍ സാധിക്കുന്നുണ്ട്. ദേശീയതലത്തിലെ പാല്‍സംഭരണ വളര്‍ച്ചാ ശരാശരി 6.4 ശതമാനമാണെങ്കില്‍ 12.5 ശതമാനമാണ് കേരളത്തിലേത്. ക്ഷീര മേഖലയുടെ നട്ടെല്ലായ ക്ഷീര സഹകരണ സംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ഉറപ്പാക്കുന്നതിനായി ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 2021-22, 2022-23 എന്നീ വര്‍ഷങ്ങളിലായി 15.20 കോടി രൂപ സംസ്ഥാന ബജറ്റില്‍ നിന്ന് തീറ്റപ്പുല്‍ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. 11883 ഹെക്ടര്‍ സ്ഥലത്ത് അധികമായി തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചത് വഴി 19.01 ലക്ഷം മെട്രിക് ടണ്‍ അധിക തീറ്റപ്പുല്‍ ഉത്പാദനം സാധ്യമായി. അതിദരിദ്ര കുടുംബങ്ങളുടെ നിലവാരം മെച്ചപ്പെടുക്കുന്നതിന് 2022 – 23 വര്‍ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 140 വനിതകള്‍ക്ക് ഒരു പശു യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 2 വര്‍ഷങ്ങളിലായി 159 ഹെക്ടര്‍ തരിശു ഭൂമിയില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ തീറ്റപ്പുല്‍കൃഷി പദ്ധതി നടപ്പിലാക്കി. ഉത്പാദന ചെലവ് കുറച്ച് ക്ഷീരമേഖല ആദായകരമാക്കുന്നതിന്റെ ഭാഗമായി ക്ഷീരസംഘങ്ങള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് പച്ചപ്പുല്‍/ വെയ്‌ക്കോല്‍ ലഭ്യമാക്കി വരുന്നു. 2021-22 വര്‍ഷം 3.14 കോടി രൂപയും 2022-23 വര്‍ഷം 2.57 കോടി രൂപയും സര്‍ക്കാര്‍ ധനസഹായത്തോടെ ക്ഷീരസംഘങ്ങളിലൂടെ പച്ചപ്പുല്‍/ വെയ്‌ക്കോല്‍ എന്നിവ ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. സാധാരണ ജനങ്ങളുടെ ഉപജീവനമാര്‍ഗമായ ക്ഷീരമേഖലയെ ശക്തിപ്പെടുത്തി സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പാല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യതകള്‍ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.

മികച്ച രീതിയിലുള്ള മുന്നേറ്റ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന ക്ഷീരമേഖല കാഴ്ച്ചവയ്ക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്ന വിപുലമായ ഘോഷയാത്രയോടെയാണ് സംസ്ഥാന ക്ഷീരസംഗമം പടവ് 2023ന് തുടക്കമായത്. വെറ്ററിനറി കോളേജ് ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ മേയര്‍ എം കെ വര്‍ഗ്ഗീസ്, എംഎല്‍എമാരായ പി ബാലചന്ദ്രന്‍, ടൈസണ്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, മില്‍മ ചെയര്‍മാന്‍ കെ എസ് മണി, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ഡോ.എ കൗശിഗന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാ മോഹന്‍, പി പി രവിന്ദ്രന്‍, മിനി ഉണ്ണികൃഷ്ണന്‍, ശ്രീവിദ്യ രാജേഷ്, മില്‍മ ബോര്‍ഡ് മെമ്പര്‍ ഭാസ്‌കരന്‍ ആദം കാവില്‍, ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.