വാട്ടർ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കുടിവെളള വിതരണം തുടരണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശിച്ചു. വാട്ടർ അതോറിറ്റിയും ടാങ്കറിൽ കുടിവെള്ളം വിതരണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ള വിതരണം നിർത്തരുതെന്നാണ് നിർദേശം. ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ബുധനാഴ്ച (22) മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ഏർപ്പെടുത്തും.
വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മയുടെ കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അതത് വാർഡ് കൗൺസിലർമാരുടെയും അംഗങ്ങളുടെയും അറിവോടെയായിരിക്കണം ജലവിതരണം നടത്തേണ്ടതെന്നും കളക്ടർ നിർദേശിച്ചു.